ആൻഡമാനിലെ പരമ്പരാഗത മത്സ്യോൽപ്പന്നങ്ങൾക്ക് ജിഐ ടാഗിങ്

ഐസിഎആർ–സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ എ നെസ്നാസും ധാരണപത്രങ്ങൾ കൈമാറുന്നു
കൊച്ചി
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് ഐസിഎആർ– സിഫ്റ്റിന്റെ സാങ്കേതിക പിന്തുണ. പരമ്പരാഗത മത്സ്യോൽപ്പന്നങ്ങളുടെ വികസനത്തിനും മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പന ഏകീകരിക്കാനുമുള്ള സാങ്കേതിക സഹായവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പുമായി സിഫ്റ്റ് രണ്ട് കൺസൾട്ടൻസി കരാറുകൾ ഒപ്പിട്ടു.
ആൻഡമാനിലെ രണ്ട് പരമ്പരാഗത മത്സ്യോൽപ്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി (ജിഐ ടാഗിങ്) ലഭ്യമാക്കാനുള്ള സാങ്കേതിക സഹായം നൽകുന്നതാണ് ആദ്യ കരാർ. ശീതീകരിച്ച ആൻഡമാൻ കോറൽ ട്രൗട്ട് എന്നറിയപ്പെടുന്ന ഡോളർ ഫിഷ്, നിക്കോബാരി തോഹരാംഗോ (പുക നൽകി സംസ്കരിച്ചതും ഉണക്കിയതുമായ മത്സ്യം) എന്നിവയാണ് ഉൽപ്പന്നങ്ങൾ. ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളിലെ പോഷകഘടകങ്ങൾ പരിശോധിക്കുകയും എത്രകാലം കേടാകാതെ സൂക്ഷിക്കാമെന്ന് പഠിക്കുകയും ചെയ്യും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളും തയ്യാറാക്കും. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും ദളിത് വിഭാഗങ്ങളിൽപ്പെട്ട ഉൽപ്പാദകർക്കും സാങ്കേതിക പരിശീലനം നൽകും. ഇതിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കനും വരുമാനം വർധിപ്പിക്കാനുമാകും.
മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കരാർ. വിവിധ വലുപ്പത്തിലും വിഭാഗങ്ങളിലുമുള്ള 30 ബോട്ടുകളുടെ രൂപകൽപ്പനകൾ സിഫ്റ്റ് തയ്യാറാക്കി നൽകും. മോട്ടോർ ഘടിപ്പിച്ച ബോട്ടുകളും യന്ത്രവൽകൃത ബോട്ടുകളും ഇതിൽ ഉൾപ്പെടും. മരം, ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി), എഫ്ആർപി ആവരണമുള്ള മരം, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചുള്ള രൂപകൽപ്പനകളാണ് നൽകുക. ഐസിഎആർ–സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ എ നെസ്നാസും തമ്മിലാണ് ധാരണപത്രങ്ങൾ കൈമാറിയത്.








0 comments