ഇന്ന് വായനാദിനം

ദർശനയിൽ വിരിയും പുസ്‌തകപ്പൂക്കൾ

വായനാദിനം
avatar
കെ എ അനിൽകുമാർ

Published on Jun 19, 2025, 12:00 AM | 1 min read

കെ എ അനിൽകുമാർ കൽപ്പറ്റ വായനയും എഴുത്തും പൂത്തുലഞ്ഞ്‌ ദർശന. ഈ ഗ്രാമീണ ഗ്രന്ഥാലയത്തിൽ വളരുന്നത്‌ വായന മാത്രമല്ല, എഴുത്തുമാണ്‌. ഏഴ്‌ പുസ്‌തകങ്ങളാണ്‌ ഈ അക്ഷരപ്പുരയിൽനിന്ന്‌ പുറത്തിറങ്ങിയത്‌. അംഗങ്ങളുടെ മനസ്സിലെ അക്ഷരപ്പൂക്കളെ കണിയാമ്പറ്റ ചീക്കല്ലൂരിലെ ദർശന വായനശാല പുസ്‌തകമാക്കി വിരിയിക്കുകയാണ്‌. ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡ്‌ ഗ്രന്ഥാലയമാണ്‌. ഏഴായിരം പുസ്‌തകങ്ങളും 250 അംഗങ്ങളുമുണ്ട്‌. പുസ്‌തക ചർച്ചകളും സാഹിത്യ സംവാദങ്ങളുംകൊണ്ട്‌ സർഗാത്മകമായ ഇടം. ഇതിനിടയിലാണ്‌ ഗ്രന്ഥാലയം പ്രസിഡന്റായ ശിവൻപിള്ള തന്റെ കവിതകൾ പങ്കുവച്ചത്‌. ഗ്രന്ഥാലയത്തിന്‌ കവിതാസമാഹാരം പ്രസിദ്ധീകരിച്ചാലോ എന്നായി മറ്റുള്ളവർ. അങ്ങനെ ശിവൻപിള്ളയുടെ ആദ്യ കവിതാസമാഹാരം ‘സർക്കസ്‌ ’ പുറത്തിറക്കി. എഴുതണമെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടക്കുന്നവർക്കിത്‌ പ്രോത്സാഹനമായി. കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ച വാസുദേവൻ പണിയ ഭാഷയിൽ എഴുതിയ നോവൽ ‘മെലിയാട്ട്‌’ ദർശനയുടെ രണ്ടാമത്തെ പുസ്‌തകമായി. വയനാടൻ ഗോത്രജീവിതമാണ്‌ ഇതിവൃത്തം. പിന്നീട്‌ റിട്ട. അധ്യാപിക കെ ജി സരോജിനിയമ്മയുടെ ‘നിലാപക്ഷി’ കവിതാ സമാഹാരം, പി കെ നാരായണന്റെ വാസിഷ്‌ഠ സുധാസാരം, സി വി ത്രേസ്യാമ്മയുടെ ‘പുനർജന്മം’ എന്നിവയും വായനക്കാരിലെത്തി. ശിവൻപിള്ളയുടെ കഥാസമാഹാരം ‘പള്ളിപ്പാട്ടിന്റെ കഥകളും’ പ്രസിദ്ധീകരിച്ചു. ഷാജി പുൽപ്പള്ളിയുടെ ‘മൗനം ഉണ്ടാകുന്നത്‌’ കഥാസമാഹാരത്തിന്റെ രണ്ടാം പതിപ്പും പുറത്തിറക്കി. പുസ്‌തക പ്രസിദ്ധീകരണം കൂടുതൽപേരെ എഴുത്തിലേക്കും വായനയിലേക്കും ആകർഷിച്ചെന്ന്‌ ഭാരവാഹികൾ പറഞ്ഞു. എഴുത്തിലെ തുടക്കക്കാർക്കായി സാഹിത്യോത്സവവും സംഘടിപ്പിച്ചു. വീട്ടുമുറ്റങ്ങളിലെ പുസ്‌തകാസ്വാദന സദസ്സ്‌ ‘കോലയ’ വായനയുടെ പുതിയ അനുഭവമാണ്‌. വീട്ടുമുറ്റത്ത്‌ വീട്ടിലെ ഒരു അംഗം പുസ്‌തകം അവതരിപ്പിക്കും. ചുറ്റുമുള്ള 25 കുടുംബങ്ങൾ പങ്കെടുത്ത്‌ ചർച്ച നടത്തും. എല്ലാ തലമുറയിലും വായനയുടെ മാധുര്യം സജീവമായി നിലനിർത്തുകയാണ്‌ എം ശിവൻപിള്ള, പി ബിജു, എം ദേവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ദർശന ഗ്രന്ഥാലയവും പ്രവർത്തകരും.



deshabhimani section

Related News

View More
0 comments
Sort by

Home