മുണ്ടക്കൈ ദുരന്തം
ഉപജീവനത്തിന് 3.62 കോടികൂടി

വി ജെ വർഗീസ്
Published on Jun 14, 2025, 01:06 PM | 1 min read
കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ ഉപജീവനത്തിന് 3.62 കോടി രൂപയുടെകൂടി കുടുംബശ്രീ പദ്ധതി. നിലവിൽ നടപ്പാക്കുന്ന 1.8 കോടിയുടെ പദ്ധതികൾക്കുപുറമെയാണിത്. സർക്കാർ നിർദേശപ്രകാരം ജില്ലാ മിഷനാണ് പദ്ധതി തയ്യാറാക്കി സമർപ്പിച്ചത്.
1.8 കോടിയുടെ പദ്ധതിയിൽ 88 ലക്ഷം രൂപ ഇതിനകം ദുരന്തബാധിതരുടെ കൈകളിലെത്തി. 20 ലക്ഷമായാണ് ഇനി വിനിയോഗിക്കാനുള്ളത്. അതിജീവിതരുടെ സംരംഭങ്ങൾക്കാണ് 88 ലക്ഷം രൂപ നൽകിയത്.
പുതിയ പദ്ധതി ദുരന്തഅതിജീവനത്തിൽ സർക്കാരിന്റെ മറ്റൊരു സുപ്രധാന ചുവടുവയ്‌പാണ്. ആദ്യഘട്ടത്തിൽ 98 സംരംഭങ്ങൾക്ക് അംഗീകാരം നൽകിയാണ് 1.8 കോടി അനുവദിച്ചത്. ഇത് പൂർണമായും ഗ്രാന്റായിരുന്നു. രണ്ടാംഘട്ടത്തിൽ രണ്ട് ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്കാണ് തുക. 80 ശതമാനം തിരിച്ചടയ്‌ക്കേണ്ടാത്ത സർക്കാർ സഹായമാണ്. 20 ശതമാനം ഗുണഭോക്‌തൃവിഹിതം വേണം. കുടുംബശ്രീയുടെ പദ്ധതി വിഹിതത്തിൽനിന്നാണ് തുക അനുവദിക്കുന്നത്. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ളവയ്‌ക്കും സഹായം ലഭിക്കും. വ്യക്‌തിഗത, ഗ്രൂപ്പ് ഉപജീവന പദ്ധതികളുണ്ടാകും. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്കും സഹായം കിട്ടും.
ദുരന്തം നേരിട്ട് ബാധിച്ച 584 കുടുംബങ്ങളുടെ അതിജീവനത്തിനാണ് ജില്ലാ മിഷൻ മൈക്രോ പ്ലാൻ തയ്യാറാക്കിയത്. വ്യവസായ, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ദുരന്ത പുനരധിവാസത്തിനായി മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പാക്കുന്നത്. ദുരന്തബാധിതരുടെ 1.85 കോടി രൂപയുടെ കുടംബശ്രീ വായ്‌പയും സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. മേപ്പാടിയിലെ മൂന്ന് ബാങ്കിലായി അയൽക്കൂട്ട അംഗങ്ങൾക്കുള്ള ബാധ്യതയാണ് ഏറ്റെടുക്കുക. ബാങ്കുകളിൽ സർക്കാർ പണമടയ്‌ക്കും.
കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് എന്നിവയുടെ മേപ്പാടി ശാഖയിലാണ് ദുരന്തബാധിതർക്ക് വായ്‌പയുള്ളത്.









0 comments