മാലിന്യം പെരുവഴിയിൽ
അധികാരത്തിന്റെ കടിപിടിയിൽ പിന്നിലായി മൂപ്പൈനാട്

കെ എ അനിൽകുമാർ
Published on Jul 19, 2025, 12:01 AM | 1 min read
വടുവൻചാൽ അധികാരത്തോടുള്ള ആർത്തിയിൽ ജനങ്ങളെ മറന്ന ഭരണസമിതിയാണ് മൂപ്പൈനാട് പഞ്ചായത്തിന്റേത്. അഞ്ചുവർഷത്തിനിടെ ഭരിച്ചത് മൂന്ന് പ്രസിഡന്റുമാർ. നാലരവർഷം ഒന്നിനൊന്ന് നാടിനെ പിറകോട്ട് നയിച്ചു. റോഡുകൾ, ക്ഷേമം, വിദ്യാഭ്യാസം, തെരുവുവിളക്കുകൾ, വന്യമൃഗശല്യം എന്നുവേണ്ട എല്ലാ മേഖലയിലും ദുരിതമായി. എന്നാൽ സ്വജനപക്ഷപാതിത്വത്തിന് ഒന്നും തടസ്സമായില്ല. പഞ്ചായത്തിന്റെ രൂപീകരണം മുതൽ യുഡിഎഫിനാണ് ഇവിടെ ഭരണം. രാഷ്‌ട്രീയ മേൽക്കോയ്‌മ അധികാര വീതംവയ്പിനുവേണ്ടി മാത്രമുള്ളതാണ്. ഗ്രാമീണ വികസനം ജലരേഖയാണ്. വികസനത്തിൽ കൃത്യമായ ആസൂത്രണമോ പ്രായോഗികതയോ ഇല്ലാത്തതിന്റെ ഉദാഹരണമാണ് പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിൽ കാണിക്കുന്ന നിരുത്തരവാദിത്വം. പ്ലാസ്‌റ്റിക് മാലിന്യം ശാസ്‌ത്രീയമായി എങ്ങനെ പുനരുപയോഗം ചെയ്യാം എന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് 2014ൽ പ്ലാന്റ് തുടങ്ങാൻ ആലോചിക്കുന്നത്. പ്ലാസ്‌റ്റിക്, മെഷീൻ ഉപയോഗിച്ച് പൊടിച്ച് ടാറിനോടൊപ്പം ചേർത്ത് റോഡ് നിർമാണത്തിന് ഉപയോഗപ്പെടുത്തലായിരുന്നു പദ്ധതി. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും നൽകി. എൽഡിഎഫ് അംഗങ്ങൾ താൽപ്പര്യമെടുത്ത് വടുവൻചാൽ വളവിൽ കേന്ദ്രവുമൊരുക്കി. തുടക്കത്തിൽ മികച്ച രീതിയിലായിരുന്നു പ്രവർത്തനം. ഭരണസമിതിയുടെ അശ്രദ്ധയിൽ പാതിയിൽ പ്രവർത്തനം നിലച്ചു. കെട്ടിടത്തിന് വാടക നൽകാതെയായി. 2021ൽ സ്ഥാപനം പൂർണമായും അടച്ചുപൂട്ടി. ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്തു. ഹരിതകർമസേന കൊണ്ടുവരുന്ന മാലിന്യം ടൗണിനടുത്ത് സംസ്ഥാനപാതയോട് ചേർന്ന് കുന്നുകൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. തെരുവുനായ്‌ക്കൾ കടിച്ചുവലിച്ച് പരന്നുകിടക്കുകയാണ്. 2022–-23 സാമ്പത്തിക വർഷത്തിൽ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. 10 ലക്ഷം രൂപ വകയിരുത്തി. നിർമിച്ചത് പാടിവയലിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയോട് ചേർന്ന്. ആതുരാലയത്തിനരികിൽ മാലിന്യ ഗോഡൗൺ നിർമിക്കുന്ന തലതിരിഞ്ഞ തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നു. അതോടെ ആ പദ്ധതിയും ഉപേക്ഷിച്ചു. എങ്ങനെ മാലിന്യപ്രശ്‌നം പരിഹരിക്കുമെന്നതിന് ഉത്തരമില്ലാതെ ഉലയുകയാണ് ഭരണസമിതി.









0 comments