ലീഗിൽ തർക്കം രൂക്ഷം

സമാന്തരയോഗവുമായി ഒരുവിഭാഗം
വിലക്കുമായി ജില്ലാ നേതൃത്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2025, 12:00 AM | 1 min read

കൽപ്പറ്റ മുസ്ലിംലീഗിൽ ഭിന്നത രൂക്ഷമായിരിക്കെ മാനന്തവാടിയിൽ ഒരുവിഭാഗം വിളിച്ച യോഗത്തിന്​ വിലക്കുമായി ജില്ലാ നേതൃത്വം. ജില്ലാ ജന. സെക്രട്ടറി ടി മുഹമ്മദാണ്​ ​എതിർവിഭാഗം വിളിച്ച യോഗം​ തടഞ്ഞ്​ കത്തുനൽകിയത്. ശനി പകൽ രണ്ടിന്​ മാനന്തവാടി ലീഗ്​ ഹ‍ൗസിൽ മണ്ഡലം പ്രസിഡന്റായിരുന്ന പി സി മൊയ്​തുഹാജിയാണ്​ യോഗം വിളിച്ചത്​. മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലത്തിലെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, വനിതാ ലീഗ് ജില്ലാ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ, പഞ്ചായത്ത്, -മുൻസിപ്പൽ പ്രസിഡന്റ്​, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കണമെന്നായിരുന്നു അറിയിപ്പ്. ‘ചന്ദ്രിക’ യിൽ അറിയിപ്പും വന്നു. ഇതേ തുടർന്നാണ്​ യോഗം ചേരാൻ പാടില്ലെന്ന താക്കീതുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്​. ‘മണ്ഡലം മുസ്ലിംലീഗ്​ കമ്മിറ്റി ഇന്ന്​ പ്രത്യേക യോഗം വിളിച്ചുചേർത്തതായി ചന്ദ്രിക പത്രം വഴിയും അല്ലാതെയും അറിയാൻ കഴിഞ്ഞു. സംഘടനാ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതുവരെ ജില്ലാകമ്മിറ്റിയുടെ അറിവ് കൂടാതെ മണ്ഡലം കമ്മിറ്റി വിളിച്ചുചേർക്കാൻ പാടില്ല. അതിനാൽ ഇന്ന് വിളിച്ചുചേർത്ത യോഗം നിർത്തിവയ്​ക്കണമെന്നും’ ടി മുഹമ്മദ് നൽകിയ നോട്ടീസിൽ പറയുന്നു. താഴെ തട്ടിലുള്ള പ്രവർത്തകർ നിരാശരാണെന്നും അവരെ സജീവമാക്കാനാണ് യോഗം ചേരാനിരുന്നതെന്നുമായിരുന്നു പി സി മൊയ്​തുഹാജി വിഭാഗത്തിന്റെ വിശദീകരണം. എന്നാൽ ടി മുഹമ്മദിനെ പിന്തുണയ്​ക്കുന്ന മണ്ഡലം ജന. സെക്രട്ടറിയായിരുന്ന കെ സി അബ്ദുൾ അസീസും സംഘവും ഇത് അംഗീകരിച്ചില്ല. തുടർന്നാണ് ടി മുഹമ്മദ് യോഗത്തിന് വിലക്ക് ഏർപ്പെടുത്തിയത്. തമ്മിലടിയെ തുടർന്ന്​ മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വം മരവിപ്പിച്ചിരിക്കുകയാണ്​.



Tags
deshabhimani section

Related News

View More
0 comments
Sort by

Home