എൻ എം വിജയന്റെ മരണം
‘ഐ സി ബാലകൃഷ്‌ണൻ പലതവണ പണം വാങ്ങി’

ബത്തേരി ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പലവട്ടം വീട്ടിലെത്തി എൻ എം വിജയന്റെ കൈയിൽനിന്ന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തി മരുമകൾ പത്മജ. കോൺഗ്രസ് ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഡിസിസി ട്രഷററായിരുന്ന അച്ഛനെക്കൊണ്ട് അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ പണം വാങ്ങിപ്പിച്ചത്. ബാലകൃഷ്‌ണനെ വിശ്വസിച്ചാണ് അച്ഛൻ പണം വാങ്ങി നൽകിയത്. ഇൗ പണം എംഎൽഎ വീട്ടിലെത്തി വാങ്ങുന്നത് പലതവണ കണ്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള അച്ഛന്റെ ഡയറിയിലും പണം നൽകിയത് സംബന്ധിച്ച വിവരങ്ങളുണ്ട്. ജോലി ലഭിക്കാതായപ്പോൾ ഉദ്യോഗാർഥികൾ വീട്ടിലെത്തി ബഹളമുണ്ടാക്കി. നിരവധി തവണ അച്ഛൻ പണം തിരികെ ചോദിച്ചെങ്കിലും ഐ സി ബാലകൃഷ്‌ണൻ ഒഴിവുകൾ പറഞ്ഞ് രക്ഷപ്പെട്ടു. എംഎൽഎ പണം നൽകാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണെന്ന് അച്ഛൻ രേഖാമൂലം അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറിയിച്ചിരുന്നു. മറ്റു നേതാക്കൾക്കും ഇക്കാര്യം അറിവുള്ളതാണ്. പലരിൽനിന്ന് കടംവാങ്ങിയും വീടും സ്ഥലവും അർബൻ ബാങ്കിൽ പണയംവച്ചുമാണ് കുറേ കടം വീട്ടിയത്. എന്നിട്ടും ബാധ്യത തീർക്കാനാകാത്തതിനാലാണ് മകനും വിഷം നൽകി ഇരുവരും ജീവനൊടുക്കിയത്. ജീവന് തുല്യം സ്‌നേഹിച്ച കോൺഗ്രസുകാർ വഞ്ചിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. കോൺഗ്രസിനെ വിശ്വസിച്ചാണ് ഇക്കാര്യങ്ങളൊന്നും ഇത്രയും കാലം പുറത്തുപറയാതിരുന്നതെന്നും പത്മജ പറഞ്ഞു. ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും പൊലീസ് അറസ്റ്റ് ചെയ്‌തതാണ്. ഇരുവരും ജാമ്യത്തിലാണ്.









0 comments