ഭൂമിക്ക്‌ കാവലാവണം നമ്മൾ

ഡിവൈഎഫ്ഐ പരിസ്ഥിതിദിനാചരണം  നീലേശ്വരം താലൂക്കാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 06, 2025, 03:00 AM | 2 min read

കാസർകോട്‌

വിഷം തീണ്ടാത്ത മണ്ണിനും വായുവിനും കുടിനീരിനുമായി പരിസ്ഥിതിയെ കാത്തുവെക്കാൻ സകല മനുഷ്യരുടെയും പങ്കാളിത്തം ഓർമിപ്പിച്ച്‌ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം. പുനരുപയോഗം സാർവത്രികമാക്കി ഭൂമിയെ കൊല്ലുന്ന പ്ലാസ്‌റ്റിക്‌ വിപത്ത്‌ ലഘൂകരിക്കാനുള്ള ആഹ്വാനമാണ്‌ ഇക്കുറി പരിസ്ഥിതി ദിനത്തിൽ മുഴങ്ങിക്കേട്ടത്‌. മനുഷ്യനെന്ന പോലെ സകലജീവജാലങ്ങൾക്കും അവകാശപ്പെട്ട ഭൂമി വരും തലമുറകൾക്കായി സുരക്ഷിതമായി കൈമാറാനുള്ള ആഹ്വാനമാണ്‌ എങ്ങും മുഴങ്ങിയത്‌. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലും ഉൾപ്പെടെ നൂറുകണക്കിന്‌ ഇടങ്ങളിൽ വൈവിധ്യമുള്ള പരിപാടികളുമായി പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കൽ, പൊതുവിടങ്ങളുടെ ശുചീകരണം, വൃക്ഷത്തെ നടൽ, പരിസ്ഥിതി സദസുകൾ, സംവാദങ്ങൾ, റാലികൾ തുടങ്ങിയ പരിപാടികൾ ദിനാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ 1644 യൂണിറ്റ്‌ കേന്ദ്രങ്ങളിൽ വൃക്ഷത്തെ നട്ടു. പ്ലാസ്‌റ്റിക്‌ മാലിന്യശേഖരണം, സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞ എന്നിവയുമുണ്ടായി. എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി അവനി വാഴ്‌വ്‌ കിനാവ്‌ എന്ന പേരിൽ തീരദേശശുചീകരണം, പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു. സ്‌റ്റുഡന്റ്‌ പൊലീസ്‌ 45 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മധുരനവം പദ്ധതിക്കും തുടക്കമായി. ക്യാമ്പസുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണിത്‌. ജില്ലാ ശുചിത്വമിഷനും കാസർകോട് നഗരസഭയും സംഘടിപ്പിച്ച ജില്ലാ പരിസ്ഥിതി ദിനാഘോഷം കാസർകോട് ജിഎച്ച്എസ്എസ്സിൽ നഗരസഭാ ചെയർമാൻ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. ഖാലിദ് പച്ചക്കാടിന്റെ അധ്യക്ഷനായി. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി ജയൻ ശുചിത്വ സന്ദേശം നൽകി. ‘റീസൈക്ലിങ് ഡ്രൈവ് ' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിൽ നിന്നായി പഴയ ബാഗുകൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറുന്നതിന്റെ ജില്ലാ തല ഉദ്ഘാടനവും മുനിസിപ്പൽ ചെയർമാൻ നിർവഹിച്ചു. അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് 13 ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ചന്ദനം, രാമച്ചം, പനിക്കൂർക്ക, ആഫ്രിക്കൻ മല്ലി, ഇലമുളച്ചി, രുദ്രാക്ഷം, ഈശ്വരമൂലിക (ഉറുദുക്കി), പനിക്കൂർക്ക, വയമ്പ്, ചങ്ങലംപെരണ, അമൃതവല്ലി, പൊന്നാംകണ്ണി ചീര, വെളുത്തുള്ളി ചെടി എന്നീ ഔഷധസസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി കെ ഷാജു ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധു, കെ ടി ബാബു, എൻ ഗിരീഷ് കുമാർ, സി അജയൻ, കെ മുകുന്ദൻ, ആശാലത എന്നിവർ സംസാരിച്ചു. കാസർകോട് സർക്കാർ അന്ധവിദ്യാലയത്തിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക സി ഓമന, പി നാരായണൻ, ടി സോമശേഖരൻ പി രാജേഷ് ബാബു, എം സബിത, കെ ഷഫീർ തുടങ്ങിയർ സംസാരിച്ചു ടി എം സിനി പരിസ്ഥിതി ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home