Deshabhimani

കിഫ്‌ബിയെ തകർത്ത്‌ കുടിവെള്ളവും മുട്ടിക്കുമോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2026, 02:00 AM | 2 min read

​ചട്ടഞ്ചാൽ

ചെമ്മനാട് പഞ്ചായത്തിലെയും സമീപ പ്രദേശത്തെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകേണ്ട വൻ പദ്ധതിയുടെ നിർമാണം നിലക്കുമോ. കിഫ്‌ബിയുടെ സഹായത്തോടെ 28.17 കോടിയുടെ ജലസംഭരണിയും അനുബന്ധ നിർമാണവുമാണ്‌ നിലക്കുക. ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പ്രതിസന്ധികൾ പലതും മറികടന്ന്‌ കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത്‌ കിഫ്ബിയിൽപ്പെടുത്തി യാഥാർഥ്യത്തിലെത്തിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ടത്. ആറുതവണ ആരും ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന്, ഏഴാംതവണ 40 ശതമാനം അധികതുക വകയിരുത്തിയാണ് മന്ത്രിസഭ യോഗം പദ്ധതി അംഗീകരിച്ചത്. 28.17 കോടി രൂപയ്‌ക്കാണ്‌ രണ്ടു കൂറ്റൻ ജലസംഭരണികളുടെയും അനുബന്ധ പ്രവൃത്തിയുടെയും ടെണ്ടർ നൽകിയത്‌. മലപ്പുറത്തെ 'മിഡ്‌ലാൻഡ്‌' കമ്പനിയാണ് കരാറെടുത്തത്. യുഡിഎഫ്‌ സർക്കാർ വന്നതോടെയാണ്‌ പദ്ധതി അനിശ്‌ചിതത്വത്തിലായത്‌. കിഫ്‌ബി നിർത്തലാക്കാൻ യുഡിഎഫ്‌ സർക്കാർ തീരുമാനിച്ചതോടെ പദ്ധതിയുടെ ഭാവി പ്രതിസന്ധിയിലായി. ജലജീവൻ മിഷൻ വഴി വീടുകളിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പ്‌ ലൈനുകളും ടാപ്പുകളും മീറ്ററുകളും പലയിടത്തും നശിച്ചുതുടങ്ങി. ചട്ടഞ്ചാൽ കുന്നാറയിൽ 16 ലക്ഷം ലിറ്ററും ദേളി കുന്നുപാറയിൽ 18 ലക്ഷവും ഉൾക്കൊള്ളുന്ന രണ്ടു സംഭരണികളിലായി 34 ലക്ഷം ലിറ്റർ ജല സംഭരണിയാണ് ഒരുക്കേണ്ടത്. ഇതിനാവശ്യമായ സ്ഥലം നേരത്തെ ഏറ്റെടുത്തതുമാണ്. ബാവിക്കര വാട്ടർ ട്രീറ്റിങ്‌ പ്ലാന്റിൽ നിന്നാണ് കുന്നു പാറകളിലെ ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുക. 5.50 കോടി ലിറ്റർ വെള്ളം ദിവസവും ശുദ്ധീകരിക്കാൻ ശേഷിയുള്ള ബാവിക്കര വാട്ടർ ട്രീറ്റിങ്‌ പ്ലാന്റിൽനിന്നും പത്തു കിലോമീറ്ററോളം ദൂരമുള്ള കുന്നുപാറ സംഭരണികളിലേക്ക് 400, 300 എംഎം പൈപ്പുകൾ വഴിയും അവിടെ നിന്നു പഞ്ചായത്തിന്റെ എല്ലാഭാഗത്തും വെള്ളമെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഉദുമ മണ്ഡലത്തിൽ 51,631 കുടിവെള്ള കണക്ഷൻ ജലജീവൻ പദ്ധതിയിൽ നൽകാൻ അനുമതിയായപ്പോൾ കൂടുതൽപേർ കുടിവെള്ളത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നതും ചെമ്മനാട് പഞ്ചായത്തിലാണ്. പദ്ധതിയുടെ ആദ്യഘട്ട പട്ടികയിൽ പഞ്ചായത്തിൽ 10,474 കണക്ഷൻ നൽകാനായിരുന്നു തീരുമാനം. സ്ഥലം അക്വയർ ചെയ്യുന്നതിലുള്ള കാലതാമസവും മറ്റും വൈകാൻ കാരണമായി. എംഎൽഎയായിരുന്ന സി എച്ച് കുഞ്ഞമ്പുവിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് കിഫ്ബിയിൽപ്പെടുത്തി പദ്ധതിയുടെ ടെണ്ടർ പൂർത്തിയാക്കിയത്.

പൈപ്പും ടാപ്പും ഒരുക്കി കാത്തുനിൽക്കുന്നു

പൈപ്പും ടാപ്പും ഒരുക്കി ഒരു വർഷത്തിലധികമായി കുടിവെള്ളത്തിന് കാത്തിനിൽക്കുന്നവർക്ക് ഇരട്ടുടിയാണ് കിഫ്ബിയോടുള്ള യുഡിഎഫ് സർക്കാർ സമീപനം. ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് പദ്ധതിക്ക്  തുടക്കം കുറിച്ചത്. മറ്റെല്ലാ ഒരുക്കവും പൂർത്തിയായെങ്കിലും ടാങ്ക് നിർമാണ്‌ അനിശ്ചിതത്വത്തിലായത്.

സി എച്ച് അഷറഫ് , പൊതുപ്രവർത്തകൻ കുന്നുപ്പാറ, ചട്ടഞ്ചാൽ ​

പദ്ധതി മുടക്കരുത്‌

ദേളി കുന്നുപാറയിൽ 18 ലക്ഷം ലിറ്റർ ശുദ്ധജലം ഉൾക്കൊള്ളുന്ന സംഭരണിയാണ് തീരുമാനിച്ചത്. ഇതിനായി സ്ഥലം ഏറ്റെടുത്തതുമാണ്. കാലകാലങ്ങളായി ഇന്നാട്ടുകാരുടെ പ്രധാന ആവശ്യമാണ് കുടിവെള്ളം. മഴ നിന്നതോടെ ശുദ്ധജല ക്ഷാമവും തുടങ്ങി. പഞ്ചായത്താണ് പല കാരണങ്ങളാൽ തുരങ്കം വച്ചു കൊണ്ടിരുന്നത്. ഇപ്പോൾ യുഡിഎഫ് സർക്കാരും പദ്ധതിക്ക്‌ തടയിടുന്നു. ​

എസ് വി പ്രകാശൻ, സാമൂഹിക പ്രവർത്തകൻ, 
കോളിയടുക്കം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home