Deshabhimani

വിദ്യാവാഹിനിക്കും ‘സഡൺ ബ്രേക്ക്‌’

ഉ‍ൗരുകളിലെ വിദ്യാർഥികൾ പെരുവഴിയിൽ

വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായുള്ള ജീപ്പുകൾ സർവീസ്‌ നടത്താതെ പാണത്തൂർ വെൽഫെയർ ഗവ. സ്‌കൂൾ 
മുറ്റത്ത്‌ നിർത്തിയിട്ടിയിരിക്കുന്നു
avatar
എ കെ രാജേന്ദ്രൻ

Published on Oct 31, 2026, 01:30 AM | 1 min read

രാജപുരം

ആദിവാസി ഊരുകളിൽനിന്ന്‌ കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കുന്നതിന്‌ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘വിദ്യാവാഹിനി’ പദ്ധതിക്കും യുഡിഎഫ്‌ സർക്കാർ സഡൺ ബ്രേക്കിട്ടു. വാഹന വാടക മുടങ്ങിയിട്ട്‌ അഞ്ചുമാസമായതിനെതുടർന്ന്‌ കുട്ടികൾ പെരുവഴിയിലായി. ഒരുകുട്ടിക്കും സ്‌കൂളിൽ എത്തിച്ചേരാൻ കഴിയാതെ പഠനംമുടങ്ങരുതെന്ന ലക്ഷ്യത്തിലാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി തുടങ്ങിയത്‌. നിലവിൽ വാഹന ഉടമകൾക്ക് പണം നൽകാതെ പദ്ധതി തകർക്കുകയാണ്‌ യുഡിഎഫ്‌. പണം കിട്ടാത്തതിനാൽ സർവീസ് നിർത്താനൊരുങ്ങുകയാണ്‌ വാഹന ഉടമകൾ. പാണത്തൂർ വെൽഫെയർ ഗവ. ഹൈസ്കൂളിൽ ഞായർമുതൽ സർവീസ്‌ ഉണ്ടാകില്ല. ഇതു സംബന്ധിച്ച്‌ വാഹന ഉടമകൾ സ്കൂൾ അധികൃതർക്ക് കത്തും നൽകി. കഴിഞ്ഞ 26ന് സർവീസ് നിർത്തും എന്നാണ് അറിയിച്ചിരുന്നത്‌. അധികൃതരുടെ ഉറപ്പിന്മേൽ 31വരെ നീട്ടിയതാണ്‌. സ്കൂളിൽ പദ്ധതിയുടെ ഭാഗമായി എട്ടു ജീപ്പുകൾ സർവീസ് നടത്തുന്നുണ്ട്. 13 ട്രിപ്പുകൾ ആയാണ് കുട്ടികളെ സ്കൂളുകൾ എത്തിക്കുന്നത്. രാവിലെ 9.30ന് സ്‌കൂളിൽ എത്തിച്ച് പകൽ 3.30ന് തിരിച്ചുകൊണ്ടുപോകും. ഈ വിഭാഗത്തിൽ 126 വിദ്യാർഥികളാണ് സർവീസിനെ ആശ്രയിക്കുന്നത്. യാത്രാ സ‍ൗകര്യം കുറഞ്ഞ മലയോരത്തെ പട്ടികവർഗ വിദ്യാർഥികളാണ്‌ കൂടുതൽ ബുദ്ധിമുട്ടുക. വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും പദ്ധതി ഉപകാരപ്പെട്ടിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തിയ മുഴുവൻ തുകയും അതതു മാസങ്ങളിൽതന്നെ വിതരണംചെയ്തിരുന്നു. പുതിയ സർക്കാർ നിശ്ചയിച്ചു നൽകിയ ഫണ്ടുപോലും സർവീസ് നടത്തിയ വാഹനങ്ങൾക്ക് കൊടുക്കാൻ തയ്യാറാവുന്നില്ല. ഈ ഇനത്തിൽ 10 ലക്ഷത്തിന് മുകളിൽ വാഹന ഉടമകൾക്ക് കിട്ടാനുണ്ട്‌. ജില്ലയിൽ മറ്റ്‌ സ്കൂളുകളിലും സമാന സ്ഥിതിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home