കടുവായെ കിടുവ പിടിച്ചല്ലോ!
പള്ളഞ്ചിയിൽ പാമ്പിനെ വിഴുങ്ങി തവള

രജിത് കാടകം
Published on Mar 02, 2025, 03:00 AM | 1 min read
കാസർകോട് : ‘‘കടുവായെ കിടുവ പിടിച്ചേ എന്നത് ഇനി ചൊല്ലല്ല’’. തവളയെ ഭക്ഷിക്കേണ്ട പാമ്പിനെ തവള വിഴുങ്ങിയതാണ് ഈ ചൊല്ലിനെ അന്വർഥമാക്കുംവിധം അത്ഭുതമായത്. കാസർകോട് കുറ്റിക്കോൽ പള്ളഞ്ചി പരപ്പയിലാണ് തവള പാമ്പിനെ വിഴുങ്ങുന്ന അസാധാരണ സംഭവം നടന്നത്. വെള്ളി രാത്രി 7.30നായിരുന്നു സംഭവം.
കവുങ്ങിൻ തോട്ടത്തിൽ വെള്ളം തളിക്കാൻ പോയ പനത്തടി കൃഷി ഓഫീസിൽ കൃഷി അസിസ്റ്റന്റും കർഷകനുമായ സി ചക്രപാണിയാണ് തവള പാമ്പിനെ വിഴുങ്ങിയത് കണ്ടത്.
പഴയ കുളത്തിന്റെ പകുതിയിൽ പടവിൽ വെച്ചാണ് തവളയുടെ പാമ്പ് തീറ്റ. രാത്രി എട്ടോടെ വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വീട്ടിൽ എല്ലാവർക്കും അത്ര വിശ്വാസം പോരാ. എന്നാൽ പിന്നെ തെളിയിക്കണമല്ലോ. മൊബൈലും കൊണ്ട് പോയി ആ ചിത്രം പകർത്തുകയായിരുന്നു. എന്തായാലും ഈ വിരുതൻ തവള വിഴുങ്ങിയ പാമ്പ് മൂർഖനാണോ നീർക്കോലിയാണോ എന്ന കാര്യത്തിൽ വീട്ടുകാർക്ക് ഇപ്പോഴും സംശയമുണ്ട്.









0 comments