കയ്യൂരിന്റെ രണധീരർക്ക് അഭിവാദ്യം

കയ്യൂർ തേജനിസ്വിനിക്കരയിൽ കയ്യൂരിലെ നാല് രണധീരരുടെ സ്‌മരണകൾ തുടിക്കുന്ന രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിച്ച് സമ്മേളന പ്രതിനിധികൾ. ബാലസംഘം സംസ്ഥാന സമ്മേളനത്തിന് പാലായിയിലെത്തിയ നാനൂറോളം പ്രതിനിധികളാണ് തേജസ്വിനിപ്പുഴയുടെ മറുകരയിലുള്ള കയ്യൂരിലെ രക്തസാക്ഷി മണ്ഡപം സന്ദർശിച്ചത്. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയും മുദ്രാവാക്യങ്ങളോടെ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുകയുംചെയ്‌തു. കയ്യൂരിൽ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള റോഡിൽ നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ കാൽ നടയായാണ് പ്രതിനിധികൾ എത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടത്തിലെ ഐതിഹാസികമായ ഏടായ കയ്യൂരിന്റെ മണ്ണിൽ ആദ്യമായി എത്തുന്നവരാണ് പലരും. സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു. തിരിച്ച് പാലായിലെ സമ്മേളന നഗരിയിലേക്ക് മടങ്ങുമ്പോൾ അവരുടെ എല്ലാവരുടെയും കൈയിൽ കയ്യൂർ സമര ചരിത്ര പുസ്‌തകമുണ്ടായിരുന്നു. കയ്യൂർ കേസിലെ രണ്ടാം പ്രതിയായിരുന്ന വി വി കുഞ്ഞമ്പു എഴുതിയ കയ്യൂർ സമര ചരിത്രം എന്ന പുസ്‌തകം സിപിഐ എം കയ്യൂർ ലോക്കൽ കമ്മിറ്റിയാണ് മുഴുവൻ പ്രതിനിധികൾക്കും സമ്മാനിച്ചത്.









0 comments