Deshabhimani

ദേശീയപാത നാടിനെ രണ്ടാക്കരുത്; 
ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

NH 66

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അഞ്ചുമന, പൊക്കാളം പ്രദേശങ്ങളിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ ആക്ഷൻ കൗൺസിലിന്റെ യോഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 29, 2026, 03:06 AM | 1 min read

കൊച്ചി


ദേശീയപാത 66 നിർമാണം പൂർത്തിയാകുന്നതോടെ പാടിവട്ടം കരയിലെ അഞ്ചുമന, പൊക്കാളം പ്രദേശങ്ങൾ രണ്ടായി വിഭജിക്കപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പ്രശ്നപരിഹാരമായി വലിയ അടിപ്പാതയും കാൽനടമേൽപ്പാതയും നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ​


ഇടപ്പള്ളി സൗത്ത് വില്ലേജിലെ അഞ്ചുമന, പൊക്കാളം നിവാസികൾ അഞ്ചുമന വിശ്വകർമ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് കൗൺസിലിന് രൂപം നൽകിയത്. ​ ദേശീയപാത പൂർത്തിയാകുന്നതോടെ ഇരുഭാഗങ്ങളിലേക്കുമുള്ള യാത്ര ദുഷ്കരമാകുമെന്നാണ് ആശങ്ക. നിരവധി ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ റോഡിന്റെ ഇരുവശത്തായാണ് സ്ഥിതി ചെയ്യുന്നത്.


അഞ്ചുമന ദേവീക്ഷേത്രം, പൊക്കാളം ശിവക്ഷേത്രം, ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി, പാടിവട്ടം ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളിലേക്കുള്ള യാത്രയും ഇതോടെ പ്രതിസന്ധിയിലാകും. ​പൊക്കാളത്തുനിന്ന് അഞ്ചുമനയിലേക്കും തിരിച്ചും രണ്ടുകിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവരും. വികസനത്തെ എതിർക്കുന്നില്ലെന്നും എന്നാൽ, ജനജീവിതം തടസ്സപ്പെടുത്തിയാകരുത് നിർമാണമെന്നും നാട്ടുകാർ വ്യക്തമാക്കി. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം ബി മുരളീധരൻ അധ്യക്ഷനായി. ഷിബി സോമൻ, കെ എ വിജയകുമാർ, എ ജി ഉദയകുമാർ, എ എൻ സന്തോഷ്, കെ ടി സാജൻ, എം എം ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 101 അംഗ ജനറൽ കമ്മിറ്റിയും രൂപീകരിച്ചു. ആദ്യഘട്ടത്തിൽ വിപുലമായ ഒപ്പുശേഖരണം നടത്തി കലക്ടർക്ക് നിവേദനം സമർപ്പിക്കും. ഭാരവാഹികൾ: എം എം ഹാരിസ് (ചെയർമാൻ), കെ ടി സാജൻ (സെക്രട്ടറി), വി എൻ രാജപ്പൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home