കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന് ചെമ്പതാക ഉയർന്നു

കെഎസ്-കെടിയു ജില്ലാ സമ്മേളനത്തിന് വി എസ് അച്യുതാനന്ദൻ നഗറിൽ സംഘാടകസമിതി ചെയർമാൻ പി ബി രതീഷ് പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
Published on Nov 29, 2026, 03:09 AM | 2 min read
കൂത്താട്ടുകുളം
കെഎസ്കെടിയു 24–-ാം ജില്ലാ സമ്മേളനത്തിന് രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത് ചെമ്പതാക ഉയർന്നു. രക്തസാക്ഷി സ്മരണകൾ ഇരമ്പുന്ന നാട് കൊടിമര–പതാക– ദീപശിഖാ ജാഥകളെ ആവേശത്തോടെ വരവേറ്റു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ജാഥകൾ സംഗമിച്ചു.
വി എസ് അച്യുതാനന്ദൻ നഗറിൽ (ബ്രിയോ കൺവൻഷൻ സെന്റർ മൈതാനം) സംഘാടകസമിതി ചെയർമാൻ പി ബി രതീഷ് പതാക ഉയർത്തി. സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി, സെക്രട്ടറി ടി സി ഷിബു, ബീന ബാബുരാജ്, എം ജെ ജേക്കബ് എന്നിവർ സംസാരിച്ചു. പി എസ് ഷൈല നയിച്ച കൊടിമര ജാഥ ശനിയാഴ്ച വൈപ്പിൻ നായരന്പലത്ത് കെ എം സുധാകരന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ചു.
ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനംചെയ്തു. എ പി പ്രനിൽ അധ്യക്ഷനായി. ജാഥാ മാനേജർ സി ടി വർഗീസ്, ജാഥാ അംഗങ്ങളായ പി എം മനാഫ്, കെ കെ ജോഷി, മിനി അജിത് എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ സണ്ണി കുര്യാക്കോസ് കൊടിമരം ഏറ്റുവാങ്ങി. പതാക ജാഥ എം പി പത്രോസിന്റെ പാറക്കടവ് വട്ടപ്പറമ്പിലെ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. പത്രോസിന്റെ ഭാര്യ മേരി പത്രോസ്, സി ബി ദേവദർശനൻ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ കെ പി അശോകന് പതാക കൈമാറി. ജിബിൻ വർഗീസ് അധ്യക്ഷനായി. ഇ എം സലിം മാനേജരായിരുന്നു. റീന രാജൻ, എ വി ജോർജ് എന്നിവരാണ് അംഗങ്ങൾ. സി എൻ പ്രഭകുമാർ പതാക ഏറ്റുവാങ്ങി. പാമ്പാക്കുട അഞ്ചൽപ്പെട്ടിയിലെ കെ കെ പാച്ചു ആശാന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖ ജാഥ ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി എൻ പ്രഭകുമാർ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ എൻ എസ് സജീവന് പാച്ചു ആശാന്റെ കുടുംബാംഗങ്ങൾ ദീപശിഖ കൈമാറി. കെ വി അനിത മാനേജരും എം എം ജോസഫ് ജാഥാംഗവുമായിരുന്നു. ബീന ബാബുരാജ് ദീപശിഖ ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളനം ഇന്ന്
കൂത്താട്ടുകുളം
കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഞായർ രാവിലെ 9.30ന് എം പി പത്രോസ് നഗറിൽ (ബ്രിയോ കൺവൻഷൻ സെന്റർ) സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യും. 55 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 311 പേർ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ട്രഷറർ സി ബി ദേവദർശനൻ, വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ജോയിന്റ് സെക്രട്ടറിമാരായ ലളിത ബാലൻ, എൻ രതീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി എൻ വിജയൻ, ടി കെ വാസു എന്നിവർ പങ്കെടുക്കും. തിങ്കൾ വൈകിട്ട് നാലിന് കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.








0 comments