ഇന്നലെകളുടെ നേർക്കാഴ്‌ചയായി പ്രദർശനം

പാലായി ഇന്നലെകളുടെ നേർക്കാഴ്‌ചകളുണ്ട് ബാലസംഘം സംസ്ഥാന സമ്മേളന നഗരിയിലെ ചരിത്ര ചിത്ര പവലിയനിൽ. കർഷക പോരാട്ട ചരിത്രവും നവോത്ഥാന പ്രസ്ഥാനവും കാർഷിക സംസ്കൃതിയുടെ നേർ ചിത്രങ്ങളുമാണ് ഒരുക്കിയത്. നൂറോളം ചിത്രങ്ങൾ ഒരു ജനതയുടെ ചെറുത്തു നിൽപ്പിന്റെയും ഗാഥ പറയുന്നു. സ്വാതന്ത്ര്യ സമര പോരാട്ടവും രക്തസാക്ഷിത്വവും നവോത്ഥാന നായകരുടെ ചിത്രങ്ങളും ലഘു വിവരണത്തോടെയാണ് ഒരുക്കിയത്. ഫ്രഞ്ച് വിപ്ലവം, ഒക്‌ടോബർ വിപ്ലവം, ലാറ്റിനമേരിക്കൻ ചരിത്രം, തൊഴിലാളി വർഗ ചരിത്രം, ജന്മി വാഴ്‌ചയുടെ കിരാത ഭരണം എന്നിവയും ലോകത്തെ മാറ്റി മറിച്ച ഗേറ്റ് തുൻബെർഗ്, ബാജി റൗട്ട് തുടങ്ങിയ കുട്ടികളുടെ പോരാട്ട ചിത്രവും പ്രദർശനത്തിലുണ്ട്. ആദ്യകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്. ഇവിടെയുണ്ട് ജന്തർ മന്തർ ജന്തർ മന്തറിലെ വിദ്യാർഥി പോരാട്ടം മറക്കില്ലൊരിക്കലും എന്ന സന്ദേശമുയർത്തി സമ്മേളന നഗരിയിൽ തയ്യാറാക്കിയ സമരമാവുക പ്രതീകാത്മക ചിത്രീകരണം സമ്മേളനത്തിലെത്തുന്നവർക്ക് ആവേശം നൽകുന്നു. സമരമുഖത്ത് തെറിച്ച് വീണ ചോരത്തുള്ളികളും പൊലീസ് നടത്തിയ അതിക്രമവും അതിന്റെ കാഴ്‌ചകളുമാണ് പ്രദർശനത്തിൽ. പൊലീസ് മർദനത്തിന്റെ ഭാഗമായി സമരമുഖത്ത് അവശേഷിച്ച പ്രതിഷേധക്കാരുടെ വസ്‌ത്രങ്ങൾ, ചെരിപ്പുകൾ, ചിതറിത്തെറിച്ച ചോരത്തുള്ളികൾ എന്നിവയെല്ലാം ചിത്രത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്. കയ്യൂർ പോരാട്ടത്തിന് മരണമില്ല കയ്യൂരിന്റെ പോരാട്ടത്തിന് മരണമില്ല എന്നതാണ് നഗരിയിൽ ഒരുക്കിയ മറ്റൊരു ശിൽപം. ബ്രിട്ടീഷ്, സാമ്രാജ്യത്വ, ജന്മി വിരുദ്ധ പോരാട്ടത്തിൽ കഴുമരമേറിയ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്‌ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കാൽ അബൂബക്കർ എന്നിവരാണ് തൂക്കുമരം വരിച്ചത്. ഇവരുടെ രക്തസാക്ഷിത്വത്തിന്റെയും നേർക്കാഴ്‌ചയാണ് ശിൽപ്പത്തിൽ അനാവരണംചെയ്‌തത്.








0 comments