Deshabhimani

അസി. സെക്രട്ടറിക്കും സ്ഥലംമാറ്റം പുല്ലൂര്‍–പെരിയയിൽ മണിക്കൂറുകള്‍ക്കകം സെക്രട്ടറിയെ മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 11:40 AM | 1 min read

പെരിയ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണവകുപ്പ് നടത്തുന്ന രാഷ്ട്രീയക്കളിക്ക് ഇരയായി പുല്ലൂര്‍ പെരിയ പഞ്ചായത്തും. രണ്ടുമാസംമുന്പ് സ്ഥലം മാറ്റിയ സെക്രട്ടറിക്ക് പകരം നിയമനം ലഭിച്ച സെക്രട്ടറി കഴിഞ്ഞ ദിവസം രാവിലെ ചുമതലയേറ്റെങ്കിലും ഉച്ചയോടെ സ്ഥലം മാറ്റി. കണ്ണൂര്‍ വേങ്ങാട് പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന യു വി ബിന്ദുവിനെയാണ് നിയമിച്ച് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ എടക്കാട്ടേക്ക്‌ സ്ഥലം മാറ്റിയത്. പിന്നാലെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസി. സെക്രട്ടറി എ സുദേവനെ കാഞ്ഞങ്ങാട് നഗരസഭയിലേക്കും സ്ഥലം മാറ്റി. ഇതോടെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം കൂടുതല്‍ പ്രതിസന്ധിയിലായി. പഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന കാലിച്ചാനടുക്കം സ്വദേശി അര്‍ജുന്‍ ബാലനെ രണ്ടുമാസം മുന്പ് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം സെക്രട്ടറിയെ നിയമിക്കാതിരുന്നതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. ഈ സമയത്ത് അസി. സെക്രട്ടറിക്കായിരുന്നു ചുമതല. സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ചുമതല വഹിക്കേണ്ടി വന്നതോടെ വലിയ ജോലിഭാരമായിരുന്നു അസി. സെക്രട്ടറിക്ക്‌ ഫയലുകൾ തീര്‍പ്പാക്കാന്‍ കഴിയാത്തത് മറ്റൊരുപ്രശ്നമായി. സെക്രട്ടറിയുടെ അഭാവം കാരണം പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപാകാനാകാത്ത സ്ഥിതി വന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത പഞ്ചായത്ത് അസോസിയേഷന്‍ യോഗങ്ങളിലും ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ നിയമിച്ച സെക്രട്ടറിയെ അന്ന് തന്നെ സ്ഥലം മാറ്റുകയുംചെയ്തു. അസി. സെക്രട്ടറിക്ക് പകരം നഗരസഭയിലെ ഉദ്യോഗസ്ഥനാണ് തദ്ദേശവകുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഭരണനിര്‍വഹണകാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ സമയമെടുക്കേണ്ടിവരുന്നതും സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കേണ്ടിവരുന്നതുമെല്ലാം ഈ ഉദ്യോഗസ്ഥനിലും ജോലിഭാരം ഇരട്ടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home