വെനസ്വേലൻ ക്രൂഡെത്തും; ഇറക്കുമതി ഏഴ് വർഷത്തെ ഉയർന്ന നിലയിലേക്ക്

Created AI Image
ന്യൂഡൽഹി : വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ. ഒക്ടോബറിൽ വെനസ്വേലയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 4.65 ലക്ഷം ബാരലായി ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ 1.96 ലക്ഷം ബാരലായിരുന്നു വെനസ്വേലയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 2019 ഡിസംബറിന് ശേഷം അതായത്, ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തും.
വെനസ്വേലൻ ക്രൂഡിന് ലഭിക്കുന്ന വലിയ വിലക്കിഴിവാണ് ഇന്ത്യൻ റിഫൈനറികളെ ആകർഷിക്കുന്ന പ്രധാനഘടകം. വെനസ്വേലയുടെ പ്രധാന ക്രൂഡ് ഇനമായ മെറേയ് (Merey) നിലവിൽ കിഴിവിലാണ് വിൽക്കുന്നത്. ഒക്ടോബറിൽ ഗുജറാത്തിലെ സിക്ക തുറമുഖത്തേക്കാണ് വെനസ്വേലൻ എണ്ണയെത്തുന്നത്. വെനസ്വേലയിൽ നിന്നുള്ള ദൂരവും, ഉയർന്ന സൾഫർ അടങ്ങിയ അസംസ്കൃത എണ്ണയായ മെറേയ് സംസ്‌കരിക്കുന്നതിലെ ചെലവുകളും നികത്താൻ ഈ ഉയർന്ന വിലക്കിഴിവിലൂടെ സാധിക്കും.
ഉപരോധ നിയമത്തിലൂടെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ
ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളും ഓയിൽ റിഫൈനറികളും റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിക്കുറച്ചിരിക്കുകയാണ്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി സെപ്റ്റംബറിൽ ഏകദേശം 35 ശതമാനമായി കുറഞ്ഞു. ജൂലൈയിൽ ഇത് 56 ശതമാനമായിരുന്നു.








0 comments