ചെറുവത്തൂരിൽ ഉണ്ണിത്താനെതിരെ പരസ്യ പ്രതിഷേധം

ചെറുവത്തൂർ
കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും മുറുകുന്നതിനിടെ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ചെറുവത്തൂരിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം വാർഷിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സദസ്സിൽ നിന്ന് പ്രതിഷേധം ഉയർന്നത്. വടകര എംപി ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളും പ്രതിഷേധങ്ങളുമാണ് സംഭവത്തിന് പിന്നിൽ. രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ സദസ്സിലുണ്ടായിരുന്ന ഒരു കോൺഗ്രസ് പ്രവർത്തകൻ എഴുന്നേറ്റുനിന്ന് എംപിയുടെ പ്രസംഗം പ്രവർത്തകർ കേൾക്കേണ്ടതില്ലെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ഇടപെടലുകളെന്നും പ്രവർത്തകൻ ആരോപിച്ചു. പ്രതിഷേധം അവഗണിച്ച് ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കി വേദിയിൽ നിന്നിറങ്ങി കാറിനടുത്തേക്ക് എത്തിയപ്പോഴും ചില പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ പ്രസ്താവനകളടക്കം ഉയർത്തിക്കാട്ടിയാണ് ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ എതിർപ്പ് ശക്തമായത്. ഇനി മാധ്യമങ്ങൾക്കിടയിൽ വാ പ്ലാസ്റ്ററൊട്ടിച്ച് പോയിട്ടില്ലങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടില്ലന്നും പ്രവർത്തകർ ഭീഷണി മുഴക്കി. കൂടാതെ ഷാഫിയെ അനുകൂലിച്ച് തൃക്കരിപ്പൂരിൽ വ്യാപകമായി യൂത്ത് കോൺഗ്രസ് ഫ്ലക്സുകൾ സ്ഥാപിച്ചു.









0 comments