ലീഗും കോൺഗ്രസും നേർക്കുനേർ
വിദ്യാഭ്യാസ ഓഫീസിൽ സീറ്റ് പോര്

ആലപ്പുഴ
മുസ്ലിം ലീഗ് അനുകൂല സർവീസ് സംഘടനയായ എസ്‌ഇയു നേതാക്കൾ നിർദേശിച്ചയാളെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ പ്രധാന ചുമതല നൽകാനുള്ള നീക്കത്തിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെ പ്രതിഷേധം. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റിനെ ഉപരോധിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിലെ എസ്‌റ്റാബ്ലിഷ്‌മെന്റ് ക്ലർക്കായ അസോസിയേഷൻ അംഗത്തെ മാറ്റിനിയമിക്കാനുള്ള നീക്കമാണ് ഭരണാനുകൂല സംഘടനകൾ തമ്മിലുള്ള തർക്കത്തിന് വഴിവച്ചത്. യുഡിഎ-ഫ് സർക്കാർ വന്നയുടൻ തുടങ്ങിയ പ്രതികാര സ്ഥലംമാറ്റത്തിൽ എസ്‌ഇയു നേതാക്കളെ മറികടന്നാണ് ജില്ലാ ഓഫീസിലെ പ്രധാന സീറ്റുകളെല്ലാം എൻജിഒ അസോസിയേഷൻ പ്രവർത്തകർക്ക് നൽകിയത്. പുതിയ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് ചുമതലയേറ്റതോടെ ലീഗ് അനുകൂല ജീവനക്കാർക്ക് പ്രധാന ചുമതലകൾ നൽകണമെന്നാവശ്യപ്പെട്ട് എസ്‌ഇയു നേതാക്കൾ സമ്മർദം ശക്തമാക്കി. സംസ്ഥാന ഓഫീസിൽനിന്നുൾപ്പടെ സമ്മർദം ശക്തമായാതോടെ വെള്ളിയാഴ്‌ച വീണ്ടും സീറ്റുകളിൽ മാറ്റം വരുത്തി അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് ഉത്തരവിറക്കി. അസോസിയേഷൻ അംഗങ്ങളുടെ ചുമതലകൾ മാറ്റിയതിനൊപ്പം ജീവനക്കാരുടെ ചുമതലകൾ നിർണയിക്കുന്ന എസ്‌റ്റാബ്ലിഷ്‌മെന്റ് ക്ലർക്കിനെയും മാറ്റി. ഇതിൽ പ്രകോപിതരായ എൻജിഒ അസോസിയേഷൻ നേതാക്കൾ വൈകിട്ട് അഞ്ചോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചു. രാത്രി എട്ടോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് വിവിധ വകുപ്പുകളിൽ സ്ഥലംമാറ്റം നടത്തുന്നതിൽ ഭരണാനുകൂല സംഘടനകൾ പണം വാങ്ങുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇ തർക്കത്തിന്റെ ഭാഗമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അരങ്ങേറിയതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.









0 comments