സ്വകാര്യ ബസുകള്‍ പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കും

കാസർകോട്
കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ 10മുതല്‍ സ്വകാര്യ ബസുകള്‍ പഴയ ബസ് സ്റ്റാന്റ് ബഹിഷ്‌കരിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസർകോട് താലൂക്ക് കമ്മിറ്റി അറിയിച്ചു. നഗരത്തിലെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിങ്ങും വഴിയോരക്കച്ചവടവുംമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ സ്വകാര്യ ബസ്സുകള്‍ക്ക് കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ഒക്‌ടോബര്‍ 10നകം ശാശ്വത പരിഹാരം വേണം. സ്വകാര്യബസ് സര്‍വീസ് പുതിയ ബസ്‌സ്റ്റാൻഡിൽ അവസാനിപ്പിക്കും. പുതിയ ബസ്‌സ്റ്റാൻഡ് സര്‍ക്കിളില്‍നിന്ന് ആരംഭിച്ച ഗതാഗതക്കുരുക്ക് സുല്‍ത്താന്‍ ഗോള്‍ഡ്, ശോഭിക വെഡിങ്‌സ്, പുലിക്കുന്ന് റോഡിലുള്ള മെഡിക്കല്‍ ഷോപ്പ് സമുച്ചയംവരെയുണ്ട്. അവിടംമുതലുള്ള ഫൂട്പാത്ത് വ്യാപാരവും വഴിയോരക്കച്ചവടവും ജനത്തിരക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. തലപ്പാടി, മധൂര്‍ ബസ് ബേകളില്‍ ഓട്ടോറിക്ഷകള്‍ വന്നു നിര്‍ത്തുന്നതും ശ്രതിസന്ധിയാണ്. താലൂക്ക് ഓഫീസ് പരിസരം മുതല്‍ കറന്തക്കാട് ജംഗ്ഷന്‍വരെ റോഡരികില്‍തന്നെയാണ് വാഹന പാര്‍ക്കിങ്. ബീച്ച് റോഡ്, വിനയ മെഡിക്കല്‍സ് എന്നിവയുടെ മുന്‍വശത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ബദരിയ ഹോട്ടലിന് മുന്‍വശത്ത് ഒരു ബസ് സ്റ്റോപ്പ് അനുവദിക്കണം. റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗതം സുഗമമാക്കാന്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ഗിരിഷ്, താലൂക്ക് പ്രസിഡന്റ് കെ എന്‍ ബാലകൃഷ്ണന്‍, സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി, ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.









0 comments