ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടി ചെമ്മട്ടംവയലിൽ കുടിവെള്ളം മുടങ്ങിയിട്ട് 8 മാസംa

ചെമ്മട്ടം വയൽ ദേശീയപാതയിൽ ജലവിതരണപൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു
കാഞ്ഞങ്ങാട്
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വശങ്ങളിൽ കുഴിയെടുത്തപ്പോൾ മുഖ്യ ജലവിതരണ പൈപ്പ് ലൈൻപൊട്ടി തകരാറിലായതിനെതുടർന്ന് കഴിഞ്ഞ എട്ടുമാസമായി ചെമ്മട്ടംവയൽ പ്രദേശത്ത് അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നില്ല. പൈപ്പ് പൊട്ടിയ ഘട്ടത്തിൽ ചോർച്ച തടയുന്ന പ്രവർത്തനം ഒഴിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചെമ്മട്ടംവയൽ, ബല്ലത്ത് കുയിൽവീട്, ചിൽഡ്രൻസ് പാർക്ക്, കാനം അത്തിക്കോത്ത്, ശിവജി നഗർ, കല്യാൺ റോഡ് തുടങ്ങിയ കാഞ്ഞങ്ങാട് നഗരസഭയിലെ 10, 12 വാർഡുകളിലെ നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ എട്ടുമാസമായി കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. മഴക്കാലമായതിനാൽ വലിയ പ്രയാസമില്ലെങ്കിലും വരാൻ പോകുന്ന വേനൽക്കാലം ദുരിതകാലമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. റോഡ് വികസനത്തിന്റെ ഭാഗമായി മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് വരൾച്ചയും കുടിവെള്ള പ്രയാസവും ഒരുപോലെ അനുഭവിക്കേണ്ട സാഹചര്യമാണ് പ്രദേശവാസികൾക്കുള്ളത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ കൗൺസിലർമാരായ രാജൻ അത്തിക്കോത്ത്, കെ വി രതീഷ് എന്നിവർ പലതവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഹരിക്കാൻ തയ്യാറായിട്ടില്ല. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ജനപ്രതിനിധികളും നാട്ടുകാരും പറഞ്ഞു.









0 comments