എംഎൽഎ വാഗ്‌ദാനം മറന്നു പരാതിയുയർന്നപ്പോൾ യുവാവിനും കുടുംബത്തിനും സഹായം നൽകാമെന്ന ഉറപ്പ്

കാസർകോട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് ഇരുകാലും നഷ്ടമായ യുവാവിനും കുടുംബത്തിനും നൽകിയ സഹായ വാഗ്‌ദാനം എംഎൽഎ മറന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വാക്ക് പാലിക്കാതായപ്പോൾ മാധ്യമങ്ങളിലൂടെ കുടുംബം പ്രയാസം അറിയിച്ചു. ഒടുവിൽ വാഗ്‌ദാനം നൽകിയ വീടും ചികിത്സാ സഹായവും നൽകാമെന്ന് കല്ലട്ര മാഹിൻ എംഎൽഎയുടെ ഉറപ്പ്. ദേളി സ്വദേശികളായ അർഷാദും (24) ഉമ്മ ആയിഷുമ്മയുമാണ് ചികിത്സയ്‌ക്കും നിത്യചെലവിനും വഴിയില്ലാതെ മാസങ്ങളായി യാതന അനുഭവിച്ചുവന്നത്. മാരാരിക്കുളം റെയിൽവേ സ്‌റ്റേഷനിൽ ജൂൺ ഒമ്പതിനുണ്ടായ അപകടത്തിലാണ് അർഷാദിന് ഇരുകാലും നഷ്ടമായത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് അർഷാദിന്റെ കാലുകൾക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മാസങ്ങളോളം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം കല്ലട്ര മാഹിൻ എംഎൽഎ ഇവർക്ക് പുതിയ വീടും നിർമിച്ചുനൽകാനും തുടർചികിത്സ ഏറ്റെടുക്കാനും നടപടി സ്വീകരിച്ചതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. സ്വന്തമായി വീടില്ലാത്ത ഉമ്മയ്‌ക്കും മകനും തന്റെ അഞ്ച് സെന്റ് സ്ഥലം വീട് നിർമിക്കാൻ വിട്ടുനൽകുമെന്നാണ് അന്ന് എംഎൽഎ ഉറപ്പുനൽകിയത്. അർഷാദിന്റെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുകയുംചെയ്‌തിരുന്നു. ജൂലൈ 30ന് ഇവർ ആശുപത്രിവിട്ട് നാട്ടിൽ തിരിച്ചെത്തിയത്. മുഗുവിലെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. ആശുപത്രിയിൽനിന്ന് വാടകവീട്ടിൽ കൊണ്ടുവിട്ടശേഷം എംഎൽഎയും നേതാക്കളും ഉൾപ്പെടെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആയിഷുമ്മ പരാതി പറഞ്ഞിരുന്നു. വാടക കുടിശ്ശികയായതോടെ താമസ സ്ഥലത്തുനിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയായിരുന്നു ഇവർക്ക്. അർഷാദിന്റെ തുടർചികിത്സയ്‌ക്ക് വൻ തുക വേണം. ആയിഷുമ്മ ഹൃദ്രോഗിയാണ്. എംഎൽഎ സഹായ വാഗ്‌ദാനം നൽകിയതിനാൽ മറ്റാരും പ്രശ്‌നത്തിൽ ഇതുവരെ ഇടപെട്ടിരുന്നില്ല. വീട് നിർമിക്കുന്നതിനുള്ള അഞ്ച് സെന്റ് സ്ഥലം കുടുംബത്തിന് കൈമാറിയതായും ചികിത്സാ സഹായമായി പ്രതിമാസം 5000 രൂപ നൽകുമെന്നുമാണ് ഇപ്പോൾ എംഎൽഎ ഉറപ്പുനൽകിയത്.









0 comments