സംഘർഷം സൃഷ്ടിക്കാൻ എംഎൽഎയുടെ ആസൂത്രിത നീക്കം

തൃക്കരിപ്പൂർ തൃക്കരിപ്പൂർ മണ്ഡലത്തിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ എംഎൽഎയുടെ ആസൂത്രിത നീക്കം. തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ വിദ്യാർഥികൾക്കുനേരെ പൊലീസും യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘവും നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ മന്ത്രി ഒ ജെ ജെനീഷിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ ഉയർന്ന വിവാദങ്ങളിൽനിന്നും വഴി തിരിച്ചുവിടാനാണ് തൃക്കരിപ്പൂരിൽ യൂത്തുലീഗുകാരെ വിളിച്ചുവരുത്തി സംഘർഷം ഉണ്ടാക്കാൻ എംഎൽഎയായ സന്ദീപ് വാര്യർ ശ്രമിച്ചത്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കി നാട്ടിൽ സംഘർഷമുണ്ടാക്കാനാണ് എംഎൽഎയുടെ നീക്കം. പയ്യന്നൂരിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കായികമായി നേരിടാനും എംഎൽഎ നേതൃത്വം നൽകി. വ്യാഴം വൈകീട്ട് ഏഴോടെ നടക്കാവിൽ വാഹന ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ സ്വകാര്യ ചാനലിനോട് സംസാരിക്കുന്നത് ഇതുവഴി കടന്നുപോയ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. ഇൗ സമയം ഒരു വിഭാഗം ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിന്റെ ഒരു ഭാഗത്ത് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുന്നുണ്ടായിരുന്നു. നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ ഗെയിം പ്ലാൻ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. സമാധനപരമായി റോഡരികിൽ മുദ്രാവാക്യം വിളിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ പ്രകോപനമുണ്ടാക്കാനാണ് എംഎൽഎ ശ്രമിച്ചത്. മന്ത്രിയെ തടയില്ലെന്നും മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം മാത്രമായിരിക്കുമെന്നും നേതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ എംഎൽഎയുടെ നിർദേശപ്രകാരം റോഡിന്റെ മറുഭാഗത്ത് യൂത്തുലീഗുകാരെ വിളിച്ചുകൊണ്ടുവന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ അസഭ്യം വിളിപ്പിക്കുകയായിരുന്നു. മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം കായിക മത്സരങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന എംഎൽഎക്ക് എതിരെയുള്ള ആരോപണങ്ങൾക്ക് മറപിടിക്കാനാണ് ഗെയിം പ്ലാൻ എന്ന പേരിലുള്ള നാടകം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് സ്റ്റേഡിയം പോലും മന്ത്രിക്ക് സന്ദർശിക്കാനായില്ല. വൈകിട്ട് ഏഴഇനുള്ള മാവേലി എക്‌സ്‌പ്രസിന് തിരുവനന്തപുരത്ത് പോകാനായിരുന്നു മന്ത്രി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ജില്ലയിൽ എല്ലായിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ യാത്ര രാത്രി എട്ടിനുള്ള മലബാറിന് എക്‌സപ്രസിന് തീരുമാനിച്ചു. എന്നാൽ നടക്കാവിൽ മന്ത്രി പങ്കെടുത്ത ഓഡിറ്റോറിയത്തിന് പുറത്ത് നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടർന്നപ്പോൾ നിശ്ചയിച്ച യാത്ര മാറ്റിവയ്‌ക്കേണ്ടിവന്നു. പൊലീസ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒമ്പതോടെ മന്ത്രിക്ക് പുറത്തുകടക്കാനായത്. റോഡുമാർഗം തിരുവനന്തപുരത്തേക്ക് പോകാനുള്ള തീരുമാനവും പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് മാറ്റി. രാത്രി ഏറെ വൈകി കണ്ണൂരിൽനിന്നും വിമാന മാർഗമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.









0 comments