Deshabhimani

print edition ബേപ്പൂർ സുൽത്താന്റെ പെണ്ണുങ്ങൾ

ad
avatar
പി വി ജീജോ

Published on Oct 04, 2026, 02:09 AM | 2 min read

അടുക്കളയിൽനിന്ന്‌ ഇതേവരെ അരങ്ങിലെത്താത്തവരാണ്‌ ഇവരെല്ലാം, നാടകംപോയിട്ട്‌ കഥയും നോവലും സാഹിത്യവുമൊന്നും ചർച്ച ചെയ്യാതെ ജീവിതനാടകത്തിൽമാത്രം വേഷംകെട്ടുന്ന സാധാരണ പെണ്ണുങ്ങൾ. മാധ്യമ–സാഹിത്യ ഭാഷയിൽ പറഞ്ഞാൽ തനിവീട്ടമ്മമാർ. അവർ ബേപ്പൂരിലെ ആറ്‌ പെണ്ണുങ്ങൾ ബഷീറിനെ വായിച്ച്‌ നാടകം കളിച്ചു. വേർപാടിന്റെ മുപ്പത്തിരണ്ടാണ്ടുകൾക്കിപ്പുറവും കാലാതീതമായ ബഷീറിയൻ പ്രസക്തി അനുഭവിപ്പിച്ച ബേപ്പൂർ കലാഗ്രാമം അവതരിപ്പിച്ച ‘ബേപ്പൂർ സുൽത്താന്റെ പെണ്ണുങ്ങൾ’ നാടകവിശേഷങ്ങളിലൂടെ.


​കഥയിലൂടെ, നോവലിലൂടെ മലയാളിയെ വിസ്‌മയാനുഭൂതികളിലേക്ക്‌ നയിച്ച വൈക്കം മുഹമ്മദ്‌ ബഷീർ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകമാണ്‌. ഒരു മഹാകഥാസാഗരം. നാടകവും സിനിമയുമായി ബഷീറിയൻ സാഹിത്യവും ജീവിതവുമെല്ലാം പലകുറി ആസ്വാദകർ അറിഞ്ഞതാണ്‌. എന്നാൽ, ഓരോ വായനയിലും പുതുമയുടെ ജീവമുകുളങ്ങളും രാഗദ്വേഷങ്ങളും കാണാത്ത അർഥഭേദങ്ങളും രസചിന്തകളും സമ്മാനിക്കുന്ന ബഷീറിയൻ സാഹിത്യം തേടി ആറു പെണ്ണുങ്ങൾ അവതരിപ്പിക്കുന്ന നാടകം കണ്ണിനെമാത്രമല്ല കരളിനെയും നനയിക്കും. തെല്ലിട പൊള്ളിക്കുകയും ചെയ്യുന്നുണ്ടീ അരങ്ങനുഭവം.


​പാത്തുമ്മ, നാരായണി, സാറാമ്മ, സൈനബ, കുഞ്ഞിപ്പാത്തുമ്മ, ഫാബി– ബഷീറിന്റെ ഇ‍ൗ ആറ്‌ പെൺകഥാപാത്രങ്ങൾ എഴുത്തുകാരനെ തേടിയെത്തുന്നതാണ്‌ നാടകം. അനുരാഗത്തിന്റെ തീവ്രതയും നഷ്‌ടവും പകർന്നുകാട്ടുകയാണിതിൽ മതിലുകളിലെ നാരായണി. ജയിൽ മതിൽക്കെട്ടിനുള്ളിൽനിന്ന്‌ പ്രേമത്തിലൂടെ പൂത്തുല്ലസിച്ച്‌ സ്വന്തമാക്കാൻ കൊതിച്ച പുതുജീവിതലോകം. അത്‌ തനിക്ക്‌ നിഷേധിച്ചതിലുള്ള സങ്കടവും പരാതിയും അവർ കഥാകാരനോട്‌ ചൊല്ലുന്നുണ്ട്‌. മതിലുകൾക്കപ്പുറമുള്ള മറ്റൊരു ജീവിതം കൊതിച്ച നാരായണിയുടെ ചോദ്യങ്ങൾ എല്ലാവരെയും നൊന്പരപ്പെടുത്തുന്നതാണ്‌.


rg


​പ്രിയപ്പെട്ട ആടുമൊത്തുള്ള ജീവിതത്തിലെ കുഞ്ഞുകുഞ്ഞാഹ്ലാദങ്ങൾ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ വരച്ചിടുന്നു. ഒരാൾ മറ്റൊരാളെ പ്രണയിക്കുന്നതിനോളം സർഗസുരഭിലത ഇ‍ൗ ജീവിതപ്രപഞ്ചത്തിൽ മറ്റൊന്നില്ല. സാർവദേശീയമായ ഇ‍ൗ ജീവിതസത്യം ഓർമിപ്പിക്കുന്നു പ്രേമലേഖനത്തിലെ സാറാമ്മ. മണ്ടൻ മുത്താപ്പയെ പ്രണയിച്ച മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്‌ലെ കുഞ്ഞിപ്പാത്തുമ്മ, ഒടുവിൽ ഭൂമിയുടെ അവകാശികളുമായി ഫാബി, ബഷീറിന്റെ ജീവിതസഖിയും രംഗപ്രവേശം ചെയ്യുന്നു. ജീവിതപങ്കാളിയുടെ സാമാന്യമായ വിമർശം അവരുന്നയിക്കുന്നു. കണ്ണീരും കാത്തിരിപ്പുമുണ്ടിതിൽ. ആനന്ദവും ആഹ്ലാദവും കഥനവുമുണ്ട്‌. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി കഴിഞ്ഞ ഞങ്ങൾക്ക്‌ ഇത്തിരിക്കൂടി നിറക്കൂട്ടാകാമായിരുന്നില്ലേ എന്നവർ പറയുന്നുണ്ട്‌. ഇല്ലിതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്‌ എന്ന സമ്മതഭാവം പങ്കിടുന്നവരുമുണ്ട്‌.


​സന്താപങ്ങളും സംഘർഷങ്ങളും വിഷയമാക്കിയതിനപ്പുറം സുൽത്താന്റെ സർഗപരതയുടെ പ്രകാശവും ഇ‍ൗ പെണ്ണുങ്ങൾ പകരുന്നു. കഥയും സാഹിത്യവും ബഷീറിയൻലോകവുമാകെ പകുത്തുവച്ച്‌ ബഷീറിനെ സ്വന്തമായി വായിക്കയാണീ കഥാപാത്രങ്ങളിലൂടെ. ബഷീറിന്റെ നാട്ടിൽ ജീവിച്ചിട്ടും ബഷീറിനെ കാണാത്തവരുണ്ട്‌ ഇതിലെ അഭിനേതാക്കളിൽ. ജീവിതം വായിച്ചുതീർക്കാനുള്ള പങ്കപ്പാടിൽ കഥയും സാഹിത്യവുമെല്ലാം അന്യമായവരും അഭിനയിച്ചു. എന്നാൽ, ചോദ്യങ്ങളും സംശയങ്ങളും രോഷവും സ്വപ്‌നങ്ങളും ചേർത്ത്‌ ബഷീറിന്റെ കഥ ഇങ്ങനെകൂടി പറഞ്ഞുവയ്ക്കാമെന്ന്‌ ഓർമിപ്പിക്കുന്നുണ്ട്‌ ഇ‍ൗ നാടകം.


​എഴുപതു പിന്നിട്ട വീട്ടമ്മയായ കനകലതയാണ്‌ സാറാമ്മയായി അഭിനയിച്ചത്‌. മതിലുകളിലെ നാരായണിയായി ശശികലയും അധ്യാപികയായിരുന്ന ജയശ്രീ കുഞ്ഞിപ്പാത്തുമ്മയായും അരങ്ങിലെത്തി. പാത്തുമ്മയുടെ ആടിലെ സുഹറയുടെ വേഷത്തിൽ ബിന്ദുവും മുച്ചീട്ടുകളിക്കാരന്റെ മകളായി ഷഹനയും ഫാബിയായി ഉഷയും അഭിനയിച്ചു. ഇവരെല്ലാം ആദ്യമായി നാടകത്തിൽ അഭിനയിച്ചവർ.

സങ്കീർണതകളില്ലാതെ ലളിതമായി ബേപ്പൂർ സുൽത്താന്റെ പെണ്ണുങ്ങളുടെ കാഴ്‌ചാനുഭവം ഒരുക്കിയത്‌ ഡോ. അഭീഷ്‌ ശശിധരനാണ്‌. നാടകം കളിക്കുന്നതിലൂടെ കൂടുതൽ നല്ല മനുഷ്യരാകാം, ജീവിതഗന്ധിയും മനുഷ്യപ്പറ്റുമുള്ളതാക്കി ഇ‍ൗ ലോകത്തെ മാറ്റിത്തീർക്കാമെന്ന കാര്യംകൂടി അഭീഷ്‌ ഇതിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്‌.


​അരങ്ങും സാഹിത്യവുമൊന്നും പരിചയമില്ലാത്ത സാധാരണസ്‌ത്രീകൾക്കും അന്യമല്ല നാടകമെന്നും അവർക്കുകൂടി അവകാശപ്പെട്ടതാണ്‌ അരങ്ങെന്നും ഇത്തരമൊരു കൂട്ടായ്‌മയിലൂടെ ഇ‍ൗ നാടകപ്രവർത്തകൻ സൂചിപ്പിക്കുന്നുണ്ട്‌. ആശയവും ആവിഷ്‌കാരവും നിർവഹിച്ച അഭീഷിന്‌ സർഗാത്മക പിന്തുണയേകിയത്‌ ഫവാസ്‌ അമീർ ഹംസയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home