print edition കരുണൻ കരിയനായി, ഇപ്പോൾ അട്ടപ്പാടിയുടെ ഹീറോ

ബിമൽ പേരയം
Published on Oct 04, 2026, 02:06 AM | 1 min read
പാലക്കാട് അഗളി ഭൂതിവഴി ഉൗരിലെ കരുണൻ അഗളി ഗവ. യുപിഎസിലെ ഒന്പതാം ക്ലാസുകാരനാണ്. തിയറ്ററുകളിൽ പോയി അധികം സിനിമയൊന്നും കണ്ടിട്ടില്ല. പക്ഷേ, ഇന്നവൻ അട്ടപ്പാടിക്കാരുടെ സിനിമാനടനാണ്. കൂട്ടുകാർക്കിടയിലെ ഹീറോയും. എൻ പ്രഭാകരന്റെ കഥയെ ആസ്‌പദമാക്കി പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിച്ച ഗോത്രവർഗക്കാരുടെ കഥ പറയുന്ന ‘ഗ്ലോബ് ’എന്ന ഹ്രസ്വചിത്രമാണ് കരുണന്റെ തലവര മാറ്റിയത്. തിരുവനന്തപുരത്ത് നടന്ന 18–ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചതോടെ കരുണനെ ലോകമറിഞ്ഞു. ജൂറി അംഗീകരിച്ച ചിത്രത്തിന് ആദ്യഘട്ടത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരുന്നു. രണ്ട് വർഷംമുന്പാണ് അധ്യാപിക സിന്ധുസാജൻവഴി കരുണൻ സിനിമയിലെത്തിയത്. മേളയുടെ രണ്ടാം ദിനത്തിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചെന്നറിഞ്ഞപ്പോൾ കരുണന് സന്തോഷം പറഞ്ഞറിയിക്കാനായില്ല. അമ്മയ്ക്കും അധ്യാപികയ്ക്കുമൊപ്പമാണ് അട്ടപ്പാടി ചുരമിറങ്ങി ആദ്യമായി തലസ്ഥാനത്തെത്തിയത്.
ചിത്രത്തിലെ മുഖ്യകഥാപാത്രമായ കരിയനെയാണ് കരുണൻ അവതരിപ്പിച്ചത്. മേളയിലെ വേദിയായ കൈരളി തിയറ്ററിലെത്തുന്പോൾ അത്ഭുതലോകത്തിലെത്തിയതുപോലെ പതിനഞ്ചുവയസ്സുകാരന്റെ കണ്ണ് വിടർന്നു. സ്‌ക്രീനിങ്ങിനായി ഗ്ലോബ് സിനിമയുടെ പേര് വിളിച്ച് കാണികൾക്ക് പരിചയപ്പെടുത്താനായി സംവിധായകനെയും കഥാപാത്രങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചു. അച്ഛനായി വേഷമിട്ട അനീഷ് പുലിയറയും അമ്മയായി അഭിനയിച്ച അഗളി പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ശോഭയും ചേർന്നാണ് വേദിയിലേക്കെത്തിച്ചത്. ചിത്രമവസാനിച്ചപ്പോൾ നിറഞ്ഞ കൈയടിയും കൊച്ചുമിടുക്കന് അഭിനന്ദനപ്രവാഹങ്ങളുമായിരുന്നു. അമ്മ റാണിയും അവനെ ചേർത്തുപിടിച്ചു.
പൊള്ളുന്ന ഗോത്രജീവിതത്തിന്റെ നേർക്കാഴ്‌ചയാണ് ഗ്ലോബ് വരച്ചിട്ടത്. ബുൾഡോസർ രാജിലൂടെ ജന്മനാട്ടിൽനിന്ന് കുടിയിറക്കപ്പെട്ടവർ രാജ്യത്തുണ്ട്. ഇവർക്കുവേണ്ടിയുള്ള ശബ്ദങ്ങൾക്ക് ഇടിമുഴക്കമില്ലാത്തതിനാൽ നിലവിളിച്ച് പലായനം ചെയ്യേണ്ടിവന്നവരും നിരവധി. പ്രതിരോധിക്കുന്ന ശബ്‌ദത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഗ്ലോബെന്ന് സംവിധായകനും അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിലെ വിദ്യാർഥിയുമായ ഷിജിൻ ഗോവിന്ദ് പറഞ്ഞു.






0 comments