കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് ഇറച്ചി കടത്തിയ 2 പേർ പിടിയിൽ

അറസ്റ്റിലായ പ്രതികൾ
കാട്ടാക്കട
നെട്ടുകാൽത്തേരി തുറന്ന ജയിലിനുസമീപം മുക്കാട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പരുത്തിപ്പള്ളി വനംവകുപ്പ് റേഞ്ച് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പൂവച്ചൽ കാക്കാമുകൾ സ്വദേശികളായ സുകുമാരൻകുട്ടിനായർ (65), ചന്ദ്രദാസ് (65) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് വേവിച്ച കാട്ടുപോത്തിറച്ചിയും വനംവകുപ്പ് പിടിച്ചെടുത്തു. സെപ്‌തംബർ 26ന് രാത്രി രണ്ടിനാണ് കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് വാഹനത്തിൽ കയറ്റി ഇറച്ചി കടത്തിയത്. തല, വാരിയെല്ല്, വാൽ, കുടൽ എന്നിവ സ്ഥലത്ത് ഉപേക്ഷിച്ചു. നായാട്ട് സംഘമാണെന്നാണ് പിന്നിലെന്നും ഏഴുപേർക്ക് പങ്കുണ്ടെന്നുമാണ് വിവരം. സെപ്‌തംബർ 25ന് രാത്രി എസ്റ്റേറ്റിനുസമീപത്തെ സുകുമാരൻകുട്ടിയുടെ ലയത്തിൽ സംഘം ഒത്തുകൂടി കൃത്യത്തിനുശേഷം രാവിലെ അഞ്ചോടെ ഇറച്ചിയുമായി കടന്നു. ഇറച്ചി കടത്തിയ വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. തെക്കൻ കേരളത്തിൽ ഏറെക്കാലത്തിനുശേഷം റിപ്പോർട്ട് ചെയ്യുന്ന വന്യജീവി വേട്ടയാണിത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ചിലെ ആദ്യസംഭവമാണിത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റോയ് ജോൺസൻ, മനു ചന്ദ്രൻ, എം എൽ ജിഷ്ണു, ജി എസ് റോഷ്ണി, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ വി പ്രദീപ്, വി സുജിത്ത്, കിരൺ, എസ് ശ്യാം, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.






0 comments