പട്ടുവത്തിന്റെ ഓളപ്പരപ്പിൽ കാസർകോടൻ കരുത്ത്

ചെറുവത്തൂർ സംസ്ഥാന ടൂറിസം വകുപ്പ്, തളിപ്പറമ്പ് പട്ടുവം മംഗലശേരി നവോദയ ക്ലബ് എന്നിവ നടത്തിയ മലബാർ ജലോത്സവത്തിൽ പങ്കെടുത്തത് 20 ടീമുകളാണ്. അതിൽ 14 തുഴച്ചിൽ ടീമും കാസർകോട് ജില്ലയിലെ ടീമുകളായിരുന്നു. കാസർകോടിന്റെ തുഴച്ചിൽ ക്ലബ്ബുകളുടെ ശക്തി വിളിച്ചോതുന്ന മത്സരമായിരുന്നു നടന്നത്. ഉത്തര മലബാർ ജലോത്സവം ഇത്തവണ തേജസ്വിനി പുഴയിൽ നടക്കുമോ എന്നുള്ള ആശങ്കയും തുഴച്ചിൽ ക്ലബ്ബുകൾ പങ്കുവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വള്ളം കളി മത്സരത്തിൽ കാസർകോടിലെ വിവിധ തുഴച്ചിൽ ക്ലബ്ബുകളിൽനിന്നുമുള്ള തുഴച്ചിൽ താരങ്ങളായിരുന്നു. നെഹ്‌റു ട്രോഫി ചുണ്ടൻ വള്ളത്തിൽ നൂറ് പേർ തുഴയും മത്സരത്തിലും കാസർകോടിന്റെ തുഴച്ചിൽ താരങ്ങൾ പങ്കെടുക്കുകയും നെഹ്‌റു ട്രോഫിയിൽ മുത്തമിടുകയുംചെയ്‌തിരുന്നു. ഏഴ് പതിറ്റാണ്ടായി കാര്യങ്കോട് പുഴയിൽ നടന്നുവരുന്ന ഉത്തര മലബാർ ജലോത്സവത്തിൽ മത്സരിക്കുന്ന ക്ലബ്ബുകളുടെ തുഴച്ചിൽ താരങ്ങളാണിവർ. തുഴയെറിഞ്ഞ് പരിശീലിച്ച തേജസ്വിനി പുഴയിൽ ഇത്തവണ തുഴയേന്തുവാൻ പറ്റുമോ എന്നുള്ള ആശങ്കയിലാണിവർ. ആയിരങ്ങൾ ഇരുകരയിലും ആർപ്പു വിളികളുമായി തേജസ്വിനിയുടെ ഇരുകരയിലും കരഘോഷം തീർക്കുന്നതാണ് ഇവരുടെ തുഴച്ചിലിന് ശക്തിയേകിയത്. എൽഡിഎഫ് സർക്കാർ തേജസ്വിനിയിൽ നടത്തി വന്നിരുന്ന ഉത്തരമലബാർ ജലോത്സവത്തെ ബോട്ട് ലീഗ് മത്സരമായി ഉയർത്തി ക്ലബ്ബുകൾക്ക് ആശ്വാസം നൽകി. കേരളപ്പിറവി ദിനത്തിൽ നടക്കേണ്ട മത്സരം ഇത്തവണ ബോട്ട് ലീഗിൽ ഉൾപെടുത്തി നടത്തുമോ എന്ന ആശങ്കയും ക്ലബ്ബുകൾക്കുണ്ട്. ഇതിനായി തൃക്കരിപ്പൂർ മണ്ഡലം എംഎൽഎ സന്ദീപ് വാര്യർ, യുഡിഎഫ് സർക്കാർ എന്നിവ നിലപാട് വ്യക്തമാക്കാത്തതും ആശങ്കയേറ്റുന്നു. 15 പേർ തുഴയും പുരുഷ വിഭാഗത്തിൽ അച്ചാംതുരുത്തി അഴീക്കോടൻ ജേതാക്കളായി. പാലിച്ചോൻ അച്ചാംതുരുത്തി, എ കെ ജി പൊടോത്തുരുത്തി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 15 പേർ തുഴയും വനിതകളുടെ മത്സരത്തിൽ കാവുംചിറ കൃഷ്‌ണപ്പിള്ള ജേതാക്കളായി. പാലിച്ചോൻ അച്ചാം തുരുത്തി രണ്ടും വയൽക്കര വെങ്ങാട്ട് മൂന്നും സ്ഥാനം നേടി. 25 പേർ തുഴയും മത്സരത്തിൽ എ കെ ജി പൊടോത്തുരുത്തി, പാലിച്ചോൻ അച്ചാന്തുരുത്തി, അഴിക്കോടൻ അച്ചാംതുരുത്തി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.









0 comments