ദേശീയപാത നീലേശ്വരത്ത് നികത്തുന്നത് ചതുപ്പും വെള്ളക്കെട്ടും

നീലേശ്വരം ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആശങ്കയുമായി നാട്ടുകാർ. പുഴയോട് ചേർന്നുള്ള ചതുപ്പുനിലത്തും വെള്ളക്കെട്ടുള്ള പ്രദേശത്തും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാതെയാണ് നിർമാണമെന്നാണ് പരാതി. ചതുപ്പിൽ മണ്ണുമാന്തിയന്ത്രം താഴ്ന്നുപോകുന്ന തരത്തിൽ ഉറപ്പില്ലാത്ത മണ്ണിലാണ് നിലവിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നത്. മണ്ണിന്റെ ഘടനയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള നിർമാണം ഭാവിയിൽ വലിയ അപകടങ്ങൾക്ക് ഇടയാക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. രാജാറോഡിന് സമീപം നേരത്തെ നിർമിച്ച അടിപ്പാതയിലും സമാനമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ഉണ്ടായ വിള്ളൽ പലതവണ സിമന്റ് പൂശി അടയ്ക്കുകയുംചെയ്തിട്ടും പ്രശ്നം പൂർണമായി പരിഹരിക്കാനായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മലപ്പുറം കൂരിയാടും കൊല്ലത്തും മണ്ണിട്ടുയർത്തി നടത്തിയ ദേശീയപാത നിർമാണം പിന്നീട് തകർന്നതിന്റെ പശ്ചാത്തലത്തിൽ, ഇത്തരം പ്രദേശങ്ങളിലെ നിർമാണരീതി സംബന്ധിച്ച് വിശദ പഠനം നടത്തണമെന്നും ആവശ്യമായാൽ ആകാശപാത പരിഗണിക്കണമെന്നും ദേശീയപാത അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നീലേശ്വരത്ത് ആകാശപാത നിർമിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി തന്നെ അറിയിച്ചിരുന്നു. അതിനിടെ, പഴയപാലം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന കലക്ടറുടെ നിർദേശത്തെ തുടർന്ന് ഗതാഗതം പുതിയ പാലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി റാമ്പ് നിർമിക്കുന്നതിനായി കരാറുകാർ കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ച് ചതുപ്പും വെള്ളക്കെട്ടുമുള്ള ഭാഗങ്ങൾ നികത്തുന്നുണ്ട്. ചതുപ്പും വെള്ളക്കെട്ടും നികത്തി നിർമാണം മുന്നോട്ടുപോകുമ്പോൾ മണ്ണിന്റെ ഉറപ്പ്, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക്, ഭാവിയിലെ അപകടസാധ്യത എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.








0 comments