മാലിന്യംനിറഞ്ഞ് മടക്കര മീൻപിടിത്ത തുറമുഖം

ചെറുവത്തൂർ വൃത്തിഹീനമാണ് നിയന്ത്രിക്കാനാരുമില്ല എന്നതാണ് മടക്കര ഫിഷിങ്ങ് ഹാർബറിന്റെ നിലവിലെ അവസ്ഥ. പ്ലാസ്‌റ്റിക്ക് ബാഗുകൾ വലിച്ചെറിഞ്ഞ നിലയിലും മുറിച്ച് നൽകിയ മീൻ മാലിന്യവും കൂട്ടിയിട്ട മീൻ ബോക്‌സുകളുമാണ് ഹാർബറിലെ കാഴ്‌ച. ഹാർബറിലെത്തുന്നവർക്ക് രോഗം പിടിപെടാനുള്ളത്ര മാലിന്യമുണ്ടിവിടെ. ഹാർബറിന്റെ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതും പാലിക്കുന്നില്ല. ഹാർബറും പരിസരവും വൃത്തിയാക്കാൻ കരാർ അടിസ്ഥാനത്തിലുള്ള നിയമനവുമുണ്ട്. കരാർ എടുത്തവരും ഹാർബറും പരിസരവും വൃത്തിയാക്കാൻ തയ്യറാവുന്നില്ല. ചെറുതും വലുതുമായ വാഹനങ്ങൾക്ക് കയറാൻ കൃത്യമായ തുക ഇൗടാക്കുന്നുണ്ട്. ദിവസങ്ങളോളം വലിയ വാഹനം ഹാർബറിൽ നിർത്തിയിടുന്നത് ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കിയതിനെ തുടർന്ന് രണ്ടാഴ്‌ച മുമ്പ് ചെറുകിട കച്ചവടക്കാരുടെ പ്രതിഷേധവും ഉണ്ടായിരുന്നു. ഹാർബറിനകത്ത് മീൻ മുറിച്ച് നൽകുക, ചെറുകിട കച്ചവടക്കാർ ലേലം വിളിച്ച് മീനെടുത്താൽ ലേലം വിളിക്കുന്നയാൾ മീൻ വാരിവെക്കുക തുടങ്ങിയതെല്ലാം അനുവദിക്കില്ല എന്നതും നേരത്തേ ഫിഷറീസ് വകുപ്പ് വിലക്കിയതാണ്. ഇതൊക്കെയും ഇപ്പോഴും തുടരുന്നു എന്നതാണ് യാഥാർഥ്യം. പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ ഹാർബറിലെത്തുകയോ വൃത്തിഹീനമായ സാഹചര്യം സൃഷ്‌ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയോചെയ്യുന്നില്ലെന്ന ആക്ഷേപവുമുണ്ട്.









0 comments