പാരിസ്ഥിതക പ്രത്യാഘാത ഭീഷണി രൂക്ഷം
പട്ടികജാതി–പട്ടികവർഗ കുടുംബങ്ങൾക്ക് നൽകിയ ഭൂമിയിലും ചെങ്കൽ ഖനനം

ബേഡഡുക്ക പഞ്ചായത്തിലെ ബെദിര നെല്ലിടുക്കം ചെങ്കൽ ഖനന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് പരിശോധന
കുണ്ടംകുഴി
കുന്നുകൾ ഇടിച്ചുനിരത്തിയും ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റിയും ബേഡഡുക്ക പഞ്ചായത്തിൽ വ്യാപകമാകുന്ന ചെങ്കൽ ഖനനം ഗുരുതര പരിസ്ഥിതി പ്രശ്നമായി മാറുന്നു. ബെദിര, നെല്ലിയടുക്കം, ചെക്കിയാർപാറ, പുത്തിയടുക്കം ഗാന്ധിനഗർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ പത്തിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിലാണെന്നാണ് കണ്ടെത്തൽ. കുന്നുകൾ വ്യാപകമായി വെട്ടിനിരത്തുന്നത് ഭൂഗർഭ ജലസംഭരണത്തെയും നീരൊഴുക്കിന്റെ സ്വാഭാവിക സംവിധാനത്തെയും ബാധിക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നതിനും മഴക്കാലത്ത് മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഖനന യന്ത്രങ്ങളുടെ പ്രവർത്തനവും വാഹനങ്ങളുടെ നിരന്തര സഞ്ചാരവും സമീപവാസികളുടെ സ്വൈരജീവിതത്തിനും ഭീഷണിയാകുന്നു. ചെങ്കൽ ക്വാറി നിലനിൽക്കുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകൾ പലതും ഇതിനകംതന്നെ തകർന്നു. കുന്നുകളുടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെയും നാശം ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും ഇടയുണ്ട്. കഴിഞ്ഞദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പത്തേക്കറോളം സ്ഥലത്ത് അനധികൃത ഖനനം കണ്ടെത്തിയിരുന്നു. ബെദിര കുന്നിലെ ഖനനം കുടിവെള്ള സ്രോതസ്സുകൾക്കും ജനജീവിതത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുൻ വില്ലേജ് ഓഫീസർ എ അരുണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഖനനം തടയാൻ നടപടി ഉണ്ടായിട്ടില്ല. ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും അനധികൃത ഖനനത്തിന് ആരാണ് അനുമതിയും ഒത്താശയും നൽകുന്നതെന്നും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഖനനം നിയന്ത്രിക്കാനും ജലസ്രോതസ്സുകളും പരിസ്ഥിതിയും സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിത ഇടപെടൽ അനിവാര്യമാണ്.
ടൂറിസം കേന്ദ്രമാക്കണം
ചെക്കിയാർപാറയുടെ പ്രകൃതിഭംഗി സംരക്ഷിച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കണം. ചെങ്കൽ ഖനനം പ്രദേശത്തിന്റെ സ്വാഭാവികത നശിപ്പിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമാക്കിയാൽ നാട്ടുകാർക്ക് തൊഴിലും വരുമാനവും ലഭിക്കും.
രതീഷ് വി പെർളം (പ്രദേശവാസി)
ഖനനം ജീവിതം ദുരിതത്തിലാക്കും
ചെങ്കൽ ലോറികളുടെ നിരന്തര സഞ്ചാരംകാരണം റോഡുകൾ തകരുകയും വീടുകളിൽ പൊടിശല്യം രൂക്ഷമാകുകയും ചെയ്യുന്നു. വേനൽക്കാലത്ത് കിണറുകളിലെ വെള്ളം വറ്റുന്നതോടെ കുടിവെള്ളത്തിനുപോലും പ്രയാസം നേരിടാൻ സാധ്യതയുണ്ട്. അധികൃതർ ഇടപെട്ട് നിയന്ത്രണം ഏർപ്പെടുത്തണം.
പി ശാന്തകുമാരി (പ്രദേശവാസി)









0 comments