Deshabhimani

കണ്ടെയ്നറുകൾ എത്തിയില്ല

സംസ്ഥാനത്തെ ഏറ്റവുംവലിയ ബെസ് കമീഷിനിങ് നീളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 AM | 1 min read

ഉദുമ

കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2026 ഒക്ടോബർ 16ന് കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ മയിലാട്ടിയിൽ പ്രവൃത്തിയാരംഭിച്ച സംസ്ഥാനത്തെ ആദ്യ ഏറ്റവുംവലിയ ബാറ്ററി സ്റ്റോറേജ് സിസ്റ്റം (ബെസ്) കമീഷനിങ്‌ വീണ്ടും നീളുന്നു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവൃത്തികൾ നടന്നത്. ഭരണം മാറിയതോടെ പ്രവൃത്തി മന്ദഗതിയിലായി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ രണ്ടാം തവണയാണ് കമീഷനിങ്‌ തീയതി മാറ്റിവയ്ക്കുന്നത്. രണ്ടുമാസംമുമ്പ് സ്ഥലം സന്ദർശിച്ച വൈദ്യുതി മന്ത്രി ഒക്ടോബർ 16ന് തന്നെ ഉദ്ഘാടനം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. പിന്നീടത് ഡിസംബറിലേക്ക് മാറ്റി. ഇപ്പോൾ മാർച്ചിൽ കമീഷൻ ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ചും ഒരു ഉറപ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി സംഭരിക്കാനുള്ള കണ്ടെയ്നറൈസ്ഡ് യൂണിറ്റുകൾ ചൈനയിൽനിന്ന്‌ കൊണ്ടുവരാൻ വൈകുന്നതിലാണ്‌ കമീഷനിങ്ങും നീളുന്നത്‌. ഫെബ്രുവരി-, മാർച്ച് മാസങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നാണ് നിർമാണ ചുമതലയുള്ള കെഎസ്ഇബി ഡെവലപ്പറായ ജെഎസ്ഡബ്ല്യു നിയോ എനർജി ലിമിറ്റഡ് അറിയിച്ചത്. പകൽ ഗ്രിഡിൽ അധികമുള്ള സൗരോർജ വൈദ്യുതി സംഭരിക്കുന്നതാണ് ബാറ്ററി സ്‌റ്റോറേജ് സിസ്റ്റം. 500 മെഗാവാട്ട് ശേഷിയുള്ള 108 കണ്ടെയ്നറൈസ്ഡ് ബെസ് യൂണിറ്റുകളും ചൈനയിൽനിന്നാണ് എത്തിക്കേണ്ടത്. മറ്റു പ്രവൃത്തികൾ രാപകൽ മുടക്കമില്ലാതെ നേരത്തെതന്നെ അവസാനഘട്ടത്തിലെത്തിച്ചെങ്കിലും ബെസ് കണ്ടെയ്നറുകൾ കൊണ്ടുവരാതെ മുന്നോട്ടുപോകാനാകില്ല. നൂറിലേറെ യൂണിറ്റുകൾ സ്ഥാപിക്കാനും പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവർത്തിപ്പിക്കാനും സമയമെടുക്കും. അതിനാൽ ഇനിയും കാത്തിരിക്കണം. എംഎൽഎയായിരുന്ന സി എച്ച് കുഞ്ഞമ്പുവിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഇത്തരമൊരു സംഭവം മയിലാട്ടിയിൽ കൊണ്ടുവരുന്നത്. 2025 ഫെബ്രുവരി 28-നാണ്‌ പദ്ധതിക്ക്‌ കല്ലിട്ടത്‌. 18 മാസമാണ് നിർമാണകാലാവധിയെങ്കിലും ഒമ്പതു മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കിയാൽ 8.40 കോടി രൂപ കെഎസ്ഇബി മുൻകൂർ കമീഷൻ ഇൻസെന്റീവ് പ്രഖ്യാപിച്ചിരുന്നു. പവർ കൺവേർഷൻ സിസ്റ്റം, ഇൻവെർട്ടർ ഡ്യൂട്ടി ട്രാൻസ്ഫോർമറുകൾ, അനുബന്ധ വൈദ്യുതോപകരണങ്ങൾ എന്നിവയാണ് പൂർത്തിയാക്കിയിട്ടുള്ളത്. സിവിൽ കെട്ടിടങ്ങളുടെയും കൺട്രോൾ റൂമിന്റെയും നിർമാണവും വൈദ്യുതോപകരണങ്ങളുടെ സ്ഥാപനവും ഗ്രിഡ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികളും അവസാനഘട്ടത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home