കെഎസ്ആർടിഇഎ പൊതുഗതാഗത സംരക്ഷണ റാലി ജില്ലാതല പ്രചാരണ ജാഥ നടത്തി

കാസർകോട് കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ 22ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുഗതാഗത സംരക്ഷണറാലിയുടെ ഭാഗമായുള്ള ജില്ലാതല പ്രചരണ ജാഥ കാഞ്ഞങ്ങാട് ഡിപ്പോയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. പുതിയ ബസുകളും ഷെഡ്യൂളുകളും ആരംഭിച്ച് പ്രിയദർശിനി യാത്രദുരിതം പരിഹരിക്കുക, ജീവനക്കാരുടെ അമിതാധ്വാനഭാരം പരിഹരിക്കുക, കെഎസ്ആർടിസിക്ക് അർഹമായ സാമ്പത്തിക സഹായം ഉറപ്പാക്കുക, വെറ്റ്‌ലീസ് അടിസ്ഥാനത്തിൽ സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാനുള്ള തീരുമാനം പിൻവലിക്കുക, സ്വകാര്യവൽക്കരണനയം ഉപേക്ഷിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജില്ലാതല പ്രചരണ ജാഥ സംഘടിപ്പിച്ചത്. സിഐടിയു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ വി രാഘവൻ അധ്യക്ഷനായി. കെഎസ്ആർടിഇഎ ഓർഗനൈസിങ് സെക്രട്ടറി രശ്‌മി നാരായൺ, ഓഡിറ്റ് കമ്മറ്റി കൺവീനർ എം ലക്ഷ്മണൻ, ജില്ലാ പ്രസിഡന്റ് സി ബാലകൃഷ്ണൻ, എൻ ഗോപി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സന്തോഷ് സ്വാഗതവും കെ പ്രകാശൻ നന്ദിയുംപറഞ്ഞു. സമാപനയോഗം കാസർകോട് ഡിപ്പോയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനംചെയ്തു. കെഎസ്ആർടിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ പാടി മുദ്രാവാക്യങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് സി ബാലകൃഷ്ണൻ അധ്യക്ഷനായി. എഐആർടിഡബ്ല്യുഎഫ് അഖിലേന്ത്യ വർക്കിങ് കമ്മറ്റി അംഗം ഗിരികൃഷ്ണൻ, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ വിനോദ്, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജയകൃഷ്ണൻ, എൻജിഒ യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി വി ജഗദീഷ്, ബെഫി ജില്ലാ സെക്രട്ടറി രാഘവൻ കണിയേരി, കെഎസ്ടിഎ ജില്ലാ കമ്മറ്റി അംഗം ശ്രീകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി എ ആർ ധന്യവാദ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം എസ് കൃഷ്ണകുമാർ നന്ദിപറഞ്ഞു.










0 comments