സംവാദ വേദിയായി വിദ്യാലയ വികസന സെമിനാർ

മടിക്കൈ വിദ്യാലയ വികസനത്തിനായി ചേർന്ന വികസന സെമിനാർ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സംവാദത്തിൻ്റെ വേദിയായി. മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് സംബന്ധിച്ച മടിക്കൈ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വികസന സെമിനാറാണ് സ്‌കൂളിൻ്റെ വിവിധ മേഖലയിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത സംവാദ വേദിയായത്. 105 വർഷം പിന്നിടുന്ന സ്കൂളിൽ അടുത്ത 10 വർഷത്തെ പ്രവർത്തനം ആസൂത്രണം ചെയ്യാനാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ ഏത് മേഖലയിലാണ് പ്രശ്നം അനുഭവിക്കുന്നത് എന്ന മുഖവുരയോടെയാണ് ഉദ്ഘാടകനായ ഐസക് സംവാദം തുടങ്ങിയത്. വിഎച്ച്എസ്ഇ കോഴ്സ് ആകർഷകമല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പഞ്ചായത്തിലെ മറ്റു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കി സ്കൂൾ മാറ്റാൻ നിർദ്ദേശമുണ്ടായി. 1993ല്‍ മടിക്കൈ പഞ്ചായത്ത് നടപ്പിലാക്കിയ സ്കൂൾ കോംപ്ലക്സിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് അനുയോജ്യമായ പരിശീലനം നൽകാൻ പഞ്ചായത്തിൽ പ്രോജക്ട് വേണം. ഇതിനായി ഒരു സാങ്കേതിക ശില്പശാല നടത്തണം. വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ആർജിക്കേണ്ട കഴിവുകൾ, നൈപുണികൾ എന്നിവ ഉറപ്പാക്കാൻ നമുക്ക് കഴിയണം. അതോടൊപ്പം കലാരംഗത്തും കായികരംഗത്തുമുള്ള കുട്ടികളുടെ കഴിവുകൾ തുടക്കത്തിലെ കണ്ടെത്താ പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണം. അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാറിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉടൻ വിദ്യാലയത്തിന്റെ വികസന രേഖ പുറത്തിറക്കും. സെമിനാറിൽ വികസന സമിതി ചെയർമാൻ പി ബേബി അധ്യക്ഷയായി. പി മോഹനൻ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ പത്മിനി, കെ ഭാസ്കരൻ, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, ഡയറ്റ് ലക്ചറർ കെ നാരായണൻ, പിടിഎ പ്രസിഡൻ്റ് പി സുകുമാരൻ, എസ്എംസി ചെയർമാൻ എം പ്രശാന്ത്, പപ്പൻ കുട്ടമത്ത്, എം പിടിഎ പ്രസിഡൻ്റ് നിഷാ രമേശൻ, ശശീന്ദ്രൻ മടിക്കൈ, ബി ബാലൻ, കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ കെ അസ്മാബി സ്വാഗതവും പ്രിൻസിപ്പൽ പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.









0 comments