പുഴയോരഴകുള്ള യാത്ര

ചെറുവത്തൂർ സാഹിത്യകാരെ തേടി പടന്ന ഓരിയിലെ അക്ഷരക്കൂട്ടുകാരായ ഓരി വള്ളത്തോൾ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം നടത്തിയ സാഹിത്യ യാത്രകൾക്ക് പറയാനുണ്ടേറെ വിശേഷങ്ങൾ. വിയർപ്പ് ഉണങ്ങിവരുന്ന ഇടവേളകളിലാണ് മത്സ്യ തൊഴിലാളികളായ ഓരിക്കാർ പുസ്തകങ്ങൾ വായിക്കാനെടുക്കുന്നത്. അങ്ങനെയിരിക്കെ അവർക്ക് ഒരു ആഗ്രഹം. എഴുത്തുകാരെ നേരിൽക്കാണണം, അവരുടെ വീട്ടിൽപ്പോയിത്തന്നെ. എഴുത്തുകാരുടെ പുസ്തകങ്ങൾ വായനശാലയിൽ ഉറപ്പാക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. പരമാവധി പുസ്തകങ്ങളും ആനുകാലികങ്ങളിലെ കുറിപ്പുകളും വായിക്കാനെടുത്തു. വായനശാലയിൽ പുസ്തകചർച്ചകൾ സംഘടിപ്പിച്ചു. 2021 ഡിസംബറിൽ തുടങ്ങിയ യാത്രയിൽ ഇതുവരെ 35 എഴുത്തുകാരെ നേരിൽക്കണ്ടു. പല എഴുത്തുകാർക്കും വായനക്കാരുടെ ഈ വരവ് ആദ്യാനുഭവമായിരുന്നു. ജീവിതവും എഴുത്തും തുറന്നു പറഞ്ഞു. പടന്നയിലെ ഓരി വള്ളത്തോൾ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മൂന്നു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് എഴുത്തിടം വായനയുടെ നേരും വേരും പരിപാടി ആരംഭിച്ചത്. എഴുത്തുകാരെ വീടുകളിൽ സന്ദർശിച്ച് അവർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം സമയം ചെലവഴിച്ച് സാഹിത്യ ചർച്ചകൾ നടത്താമെന്ന ആശയം മുന്നോട്ടു വച്ചത് വായനശാലാ പ്രവർത്തകനായ രഞ്ജിത്ത് ഓരിയാണ്. കവി മാധവൻ പുറച്ചേരിയുടെ വീട്ടിൽനിന്നും ആരംഭം. പിന്നീട് കണ്ണൂരിൽ താമസിക്കുന്ന എൻ ശശിധരൻ, അംബികാസുതൻ മാങ്ങാട്, യുവ കഥാകൃത്ത് വി എൻ മൃദുൽ, വി ഷിനിലാൽ, കെ എസ് ഹരീഷ് തുടങ്ങിയ എഴുത്തുകാരെയും കലാ പ്രവർത്തകരെയും സന്ദർശിച്ചു. അവരുമായുള്ള ചർച്ചകളുടെ വിഡിയോയും ആശംസകളും യാത്ര പോയവരുടെ അനുഭവക്കുറിപ്പുകളും സൂക്ഷിക്കുന്നുണ്ട് ഓരിക്കാർ. യാത്രയും അനുഭവങ്ങളും പങ്കുവെച്ച് ഒരു പുസ്തകമായി പുറത്തിറക്കാനാണ് ലക്ഷ്യം. അടുത്ത പദ്ധതിയായി 100 കലാ സാഹിത്യ പ്രതിഭകളെ കാണലും എല്ലാവരെയും ഓരിയിലെത്തിച്ച് ഒരു സംഗമവുമാണ് ലക്ഷ്യം.










0 comments