ad
Deshabhimani

വെളിച്ചത്തിന്‌ ‘കട്ട്‌’; നഷ്ടം ഏറെ

powercut

ലൈഫ്‌ സ്‌റ്റഡി... പവർകട്ടിനെ തുടർന്ന് എളമക്കര മാമംഗലത്ത് മൊബൈൽ ഫോൺ ഫ്ലാഷ് വെളിച്ചത്തിൽ പഠിക്കുന്ന കുട്ടി

വെബ് ഡെസ്ക്

Published on Sep 14, 2026, 03:09 AM | 2 min read

കൊച്ചി


പകലും രാത്രിയും യുഡിഎഫ് സര്‍ക്കാരിന്റെ പവര്‍കട്ട് പതിവായതോടെ തൊഴിൽമേഖലകളുടെയും തൊഴിലാളികളുടെ ജീവിതത്തിന്റെയും വെളിച്ചം കെട്ടു. ചെറുകിട വ്യവസായങ്ങൾമുതൽ വ്യാപാരസ്ഥാപനങ്ങള്‍, വർക്ക്‌ഷോപ്പുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ ഉൾപ്പെടെ എല്ലാമേഖലകളും നേരിടുന്നത്‌ കടുത്ത പ്രതിസന്ധി. വൈദ്യുതിമുടക്കം വൻ ഉൽപ്പാദന, വരുമാന നഷ്ടങ്ങൾ വരുത്തുകയാണ്‌.


വൈദ്യുതി മുടങ്ങുന്ന ഓരോ മണിക്കൂറും തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നത് തൊഴിൽസമയമാണ്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ ഉൽപ്പാദനം നിർത്തിവയ്ക്കേണ്ടിവരുന്നതോടെ ദിവസവേതനക്കാരും കരാർത്തൊഴിലാളികളുമടക്കം ഏറെ കഷ്ടത്തിലാകുകയാണ്‌. പവർകട്ട് നീളുന്നതിനനുസരിച്ച് ജോലി പൂർത്തിയാക്കാൻ അധികസമയം ചെലവഴിക്കേണ്ടിവരുന്നതും അധികഭാരമാകുന്നു.


ഇരട്ട പ്രഹരം

വെൽഡിങ്, ഫാബ്രിക്കേഷൻ, മെഷീനിങ്, ഫർണിച്ചർ നിർമാണം, പ്രിന്റിങ്, ഗാർമെന്റ് തുടങ്ങിയ മേഖലകളെയാണ് വൈദ്യുതിമുടക്കം ഏറെ ബാധിക്കുന്നത്. യന്ത്രങ്ങൾ ഇടയ്ക്കിടെ നിർത്തിവയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യേണ്ടിവരുന്നത് ഉൽപ്പാദനക്ഷമത കുറയ്ക്കുന്നതിനൊപ്പം യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഓർഡറുകൾ സമയത്ത് പൂർത്തിയാക്കാൻ കഴിയാതെ ചെറുകിട സംരംഭകർ കടുത്ത സമ്മർദത്തിലാണ്.


പ്രതിസന്ധിയേറെ


ഫ്രിഡ്ജുകളും ഫ്രീസറുകളും പ്രവർത്തനം നിർത്തുന്നതോടെ ഭക്ഷ്യവസ്തുക്കൾ കേടാകാനുള്ള സാധ്യത വർധിക്കുന്നു. ഫുഡ്‌ പ്രോസസർ, മിക്സി, ഓവൻ, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങളെ ആശ്രയിക്കുന്ന ബേക്കറികളിൽ ഉൽപ്പാദനം തടസ്സപ്പെടുകയാണ്. ജനറേറ്റർ ഉപയോഗിക്കുന്ന ചെറിയ സ്ഥാപനങ്ങൾക്ക് അധിക ഇന്ധനച്ചെലവും വഹിക്കേണ്ടതായിട്ടുണ്ട്.


ചൂടും ഇരുട്ടും


ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണം കഴിക്കുന്നതിനിടെ വൈദ്യുതി മുടങ്ങുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചൂടും ഇരുട്ടും കൂടിയാകുന്നതോടെ കുട്ടികളും പ്രായമായവരുമായി ഭക്ഷണം കഴിക്കാന്‍ കയറുന്നവര്‍ ഹോട്ടലുകളില്‍നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോകുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രയാസം അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. ഹോട്ടലുകളുടെയും തട്ടുകടകളുടെയും രാത്രികാല ദയനീയാവസ്ഥ പലരും സമൂഹമാധ്യങ്ങള്‍വഴി പങ്കുവയ്ക്കുന്നുണ്ട്.


ചിരിച്ച് 
ഇരുട്ടിലാക്കുന്നു'


വൈദ്യുതിപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാതെ പവർകട്ട് തുടരുന്നത് ജനങ്ങളുടെ ജീവിതച്ചെലവും തൊഴിൽനഷ്ടവും വർധിപ്പിക്കുകയാണ്. മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ജനത്തെ ഇരുട്ടത്ത് നിര്‍ത്തുകയാണെന്ന്‌ തൊഴിലാളികളും ചെറുകിട സംരംഭകരും പറയുന്നു. ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് പൊതുജനത്തെ കബളിപ്പിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.


പ്രതിഷേധം ഇന്ന്


ഹോട്ടൽ, ബേക്കറി മേഖലയെ തകർക്കുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ്‌ ബേക്കേഴ്സ് സമിതി (കെബിഎച്ച്‌എസ്‌) പന്തംകൊളുത്തി പ്രതിഷേധിക്കും. തിങ്കൽ പകൽ 12ന്‌ കെഎസ്ഇബി ജില്ലാ ഓഫീസിലേക്കാണ് പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home