print edition യുഎസ് ആധിപത്യത്തിന് ബദലുമായി ചൈന; "ഗ്രേറ്റർ ബ്രിക്‌സ് '

ന്യൂഡൽഹി: അമേരിക്കയുടെ ആഗോള ആധിപത്യത്തിന് ബദൽ കൂട്ടായ്‌മ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുന്നോട്ടുവച്ച ‘ഗ്രേറ്റർ ബ്രിക്‌സ്’ നിർദേശങ്ങൾക്ക് ഉച്ചകോടിയിൽ പൊതുസ്വീകാര്യത ലഭിച്ചു. അംഗരാജ്യങ്ങൾ കൂടുതൽ ഏകോപിതവും പരസ്‌പരബന്ധിതവുമായ സംയോജിത വിപണി യാഥാർഥ്യമാക്കണമെന്നും ചൈന നിർദേശിച്ചു. അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരം ഘട്ടംഘട്ടമായി വർധിപ്പിക്കുക, നിക്ഷേപം എളുപ്പമാക്കുക, വിതരണശൃംഖലകൾ ബന്ധിപ്പിക്കുക, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അതിർത്തികൾ കടന്നുള്ള ഇടപാടുകൾ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് സംയോജിത വിപണിയിലൂടെ ലക്ഷ്യമിടുന്നത്.
നിർമിതബുദ്ധി, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ബ്രിക്‌സ് സഹകരണം ശക്തമാക്കാനുള്ള നിർദേശങ്ങളാണ് ചൈന മുന്നോട്ടുവച്ചത്. ബ്രിക്‌സ് എഐ ഓപ്പൺ സോഴ്‌സ് സഹകരണവേദി സ്ഥാപിക്കാൻ ചൈന മുൻകൈയെടുക്കാൻ തയ്യാറാണെന്ന് ഷി ജിൻപിങ് അറിയിച്ചു. വിവിധ ഭാഷകൾ മനസ്സിലാക്കാനും വിശകലനംചെയ്യാനും പുതിയ വാചകങ്ങൾ സൃഷ്‌ടിക്കാനും മറ്റും സഹായിക്കുന്ന ‘ലാർജ് ലാംഗ്വേജ് മോഡലുകൾ’ വികസിപ്പിക്കാൻ സഹായം നൽകും. നിർമിതബുദ്ധി പരിശീലനവുമായി ബന്ധപ്പെട്ട വിജ്ഞാനവും സാങ്കേതികവിദ്യകളും പങ്കിടും.
ബ്രിക്‌സ് രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉപയോഗിക്കാവുന്ന ‘ഓപ്പൺ എഐ എക്കോസിസ്റ്റം’ സൃഷ്‌ടിക്കാനും ഉദ്ദേശമുണ്ട്.
ബ്രിക്‌സ് പ്രത്യേക സാന്പത്തിക മേഖലാ പങ്കാളിത്തമെന്ന നിർദേശവും ചൈന മുന്നോട്ടുവച്ചു. വിവിധ ബ്രിക്‌സ് രാജ്യങ്ങളിലെ പ്രത്യേക സാന്പത്തിക മേഖലകളെ ബന്ധിപ്പിച്ച് നിക്ഷേപവും വ്യാപാരവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 2027ൽ ബ്രിക്‌സ് സർവീസ് ട്രേഡ് ഫോറം ചൈനയിൽ സംഘടിപ്പിക്കും.
ക്യൂബയ്‌ക്ക് ഐക്യദാർഢ്യം
ക്യൂബയ്‌ക്ക് നേരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ കടന്നാക്രമണങ്ങൾക്കും ഉപരോധങ്ങൾക്കുമെതിരെ ഒറ്റക്കെട്ടായി ശബ്‌ദമുയർത്തി ബ്രിക്‌സ് കൂട്ടായ്‌മ. ഉപരോധ നടപടികൾ ക്യൂബൻ സന്പദ്‌വ്യവസ്ഥയെയും ഉൗർജവിതരണത്തെയും വലിയ രീതിയിൽ ബാധിച്ചു.
ഇത്തരം നടപടികൾ ആ രാജ്യത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും സംയുക്തപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. യുഎൻ പൊതുസഭയുടെ പ്രമേയത്തിന് അനുസൃതമായി ക്യൂബയ്‌ക്കെതിരായ സാന്പത്തിക, വാണിജ്യ, ധനകാര്യ നടപടികൾ അവസാനിപ്പിക്കണമെന്നും ബ്രിക്‌സ് കൂട്ടായ്‌മ ആവശ്യപ്പെട്ടു.









0 comments