print edition പ്ലസ് വൺ പുതിയ ബാച്ച്: കോടിയും കടന്ന് അധ്യാപക നിയമനക്കോഴ

ആർ ഹനീഷ്‌കുമാർ
Published on Sep 14, 2026, 03:16 AM | 1 min read
മലപ്പുറം: മലപ്പുറം ജില്ലയിലെ എയ്‌ഡഡ് സ്‌കൂളുകളിൽ ലഭിച്ച അധികബാച്ചുകളിലെ അധ്യാപക നിയമന ക്കോഴ ഒരുകോടി രൂപ കടന്നു. പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണാനെന്നപേരിൽ ജില്ലയിലെ 46 എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കായി 48 പുതിയ ബാച്ചാണ് അനുവദിച്ചത്. ഇതിലെ നിയമനങ്ങൾക്കായാണ് ലീഗ് നേതൃത്വത്തിലുള്ള കോഴ ഇടപാട്. 90 ലക്ഷം മുതൽ ഒരു കോടി രൂപ നിരക്കിലാണ് വിലപേശൽ. ഒന്നിൽകൂടുതൽ ഉദ്യോഗാർഥികൾ നിശ്‌ചിത തസ്‌തിക ആവശ്യപ്പെട്ടാൽ കോഴത്തുക 1.10 കോടി രൂപവരെയാകും.
എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ പ്ലസ്‌വൺ ബാച്ചുകൾ ഉറപ്പാക്കാൻ ജില്ലയിലെ യുവ ലീഗ് എംഎൽഎയുടെ നേതൃത്വത്തിൽ ഇടപെട്ടത് വിവാദമായിരുന്നു. ഓരോ ബാച്ചിലും ഉണ്ടായേക്കാവുന്ന അധ്യാപക തസ്‌തികകളിൽ നേർപകുതി ലീഗിന് എന്നാണ് വ്യവസ്ഥ. നിയമനം ഉറപ്പിക്കുന്നതും കോഴ വാങ്ങുന്നതും ഇവർ നേരിട്ടാണ്. ബാക്കിയുള്ളവയിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നിയമനം നടത്താം. ധാരണയിൽ വിയോജിച്ച ചില മാനേജ്‌മെന്റ്, അനുവദിച്ച ബാച്ചുകൾ ഇല്ലാതാക്കുമെന്ന ഭീഷണിയിൽ കീഴടങ്ങി.
ലീഗ് സംസ്ഥാന അധ്യക്ഷൻ, പ്രസിഡന്റായ ട്രസ്റ്റിന്റെ സ്‌കൂളിനും ലീഗ് തിരൂർ മണ്ഡലം പ്രസിഡന്റ് മാനേജറായ കല്ലിങ്ങൽപ്പറന്പിലെ സ്‌കൂളിനും നിയമന കാര്യത്തിൽ ഇളവുണ്ട്. രണ്ടിടത്തും രണ്ടുവീതം സയൻസ്, കൊമേഴ്‌സ് ബാച്ചാണ് അനുവദിച്ചത്. ഇവിടെ മുഴുവൻ നിയമനങ്ങളും മാനേജ്‌മെന്റിന് നേരിട്ട് നടത്താം. ബാക്കിയുള്ള 44 സ്‌കൂളുകളിലെ 44 ബാച്ചുകളിൽ മാനേജ്‌മെന്റ്–മുസ്ലീം ലീഗ് കൂട്ടുകെട്ടാണ് നിയമനം നടത്തുന്നത്. ഒരു ബാച്ചിൽ നാല് നിയമനങ്ങളെങ്കിലും ഉണ്ടാകും. പുതിയ ബാച്ചുകളിൽ മൂന്നുവർഷത്തേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്നും ശേഷം തസ്‌തിക അനുവദിക്കണമെന്നുമാണ് നിബന്ധന.









0 comments