ആശുപത്രികളിൽ മരുന്ന് ക്ഷാമം വലഞ്ഞ് രോഗികൾ

കാസർകോട് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം വർധിച്ചതോടെ ജില്ലയിൽ സാധാരണക്കാരായ രോഗികൾ വലയുന്നു. പ്രമേഹം, രക്താതിമർദം, കൊളസ്‍ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് പലയിടത്തും കിട്ടാനില്ലാത്തത്. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ വെയർഹൗസിൽനിന്ന് മരുന്ന് എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പലയിടത്തും അവശ്യ മരുന്ന് ക്ഷാമമുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രമേഹം നിയന്ത്രിക്കാനുള്ള മെറ്റ് ഫോർമിൻ ഹൈഡ്രോക്ലോറൈഡ്, രക്താതിമർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ടെൽമിസാർട്ടൻ 40, ലോസാർട്ടിൻ എന്നിവ സ്‌റ്റോക്കില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗത്തിനുള്ള ടി ആസ്പിരിന്‍, ടി പാന്‍ടോപ്പ് തുടങ്ങിയ മരുന്നുകളുമില്ല. ഹൃദ്രോഗത്തിനും രക്താതിമർദത്തിനും വിവിധ കാറ്റഗറിയിൽ നിരവധി മരുന്നുകളുണ്ട്. അവയില്‍ ചിലത് മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. ബാക്കിയുള്ളവ രോഗികള്‍ വലിയ വിലകൊടുത്ത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പനി, ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും ക്ഷാമമുണ്ട്. മരുന്നുകള്‍ എത്തിക്കാനുള്ള നടപടി ആരോഗ്യവകുപ്പിൽനിന്ന് ഉണ്ടാകുന്നില്ല. പലയിടത്തും തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി മരുന്ന് വാങ്ങിയാണ് രോഗികള്‍ക്ക് പ്രയാസമുണ്ടാവാതെ നോക്കുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പ്ലാൻ ഫണ്ടുൾപ്പെടെ വെട്ടിക്കുറച്ചതോടെ ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലുമായി.










0 comments