പവർ കട്ടിൽ പഠിപ്പും കട്ട് ജെൻസികൾ പറയുന്നു മതിയായേ ‘പൂക്കി കട്ട്’

കാസർകോട് അപ്രഖ്യാപിത ‘ഫീസൂര’ൽ അടുത്തൊന്നും ശമിക്കില്ലെന്ന് വ്യക്തം. ദുരിതം അനുഭവിച്ചുതന്നെ തീർക്കണമെന്ന മട്ടിലായി മുതിർന്നവർ. എന്നാൽ പവർ കട്ടും ലോഡ് ഷെഡിങ്ങും ആദ്യാനുഭവമായ പുതിയ തലമുറയുടെ കാര്യമതല്ല. പഠനം ഉൾപ്പെടെയുള്ള ദൈനംദിനകാര്യങ്ങളിൽ അടിതെറ്റിയിരിക്കുകയാണവർ. തുടർച്ചയായുണ്ടാകുന്ന പവർകട്ടുമൂലം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. രാത്രികാലങ്ങളിൽ കൃത്യമായി പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഡിജിറ്റൽ മാധ്യമങ്ങളെയും ഓൺലൈൻ ക്ലാസുകളെയും വലിയ തോതിൽ ആശ്രയിക്കുന്ന കാലമാണിത്. മണിക്കൂറുകളോളം നീളുന്ന പവർകട്ട് കാരണം മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യാനാകാത്ത അവസ്ഥയിലാണ്. രാത്രിയിൽ വൈദ്യുതി നിലയ്ക്കുന്നത് ഇന്റ്‌ർനെറ്റ്, വൈഫൈ ബന്ധം വിച്ഛേദിക്കപ്പെടാനും ഇടയാക്കുന്നു. ഇത് സമയാസമയങ്ങളിൽ ലഭിക്കേണ്ട പഠനസാമഗ്രികൾ ശേഖരിക്കുന്നതിനും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുന്നതിനും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്ന് രക്ഷിതാക്കളും പറയുന്നു. ചൂട് കടുത്തിരിക്കുന്ന സാഹചര്യത്തിൽ ഫാനോ എയർ കണ്ടീഷണറോ പ്രവർത്തിക്കാത്തത് കുട്ടികളുടെ ഏകാഗ്രതയെയും ഉറക്കത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. വെളിച്ചക്കുറവിൽ മെഴുകുതിരിയോ ലാമ്പോ കത്തിച്ചുവെച്ച് പഠിക്കേണ്ടിവരുന്നതും ദോഷകരമാവുമെന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. സാധാരണ കുടുംബങ്ങളിലെ കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. വലിയ തുക മുടക്കി ഇൻവെർട്ടറുകളോ ജനറേറ്ററുകളോ വാങ്ങി സ്ഥാപിക്കാൻ സാധിക്കില്ല എന്നതാണ് പ്രശ്‌നം. ഇൗ കുട്ടികളുടെ പഠനത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്, പഠനസമയങ്ങളിലെങ്കിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.










0 comments