Deshabhimani

സ്ത്രീശക്തി ഗാഥയായി കൊട്ടിയൂർ പെരുമ

നൃത്താധ്യാപിക കലാവതി ടീച്ചറും ശിഷ്യരും കൊട്ടിയൂർ ശക്തി ഗാഥ മോഹിനിയാട്ടം പരിശീലനത്തിനിടെ
വെബ് ഡെസ്ക്

Published on Oct 05, 2026, 03:00 AM | 1 min read

കണ്ണൂർ പ്രകൃതിയും വിശ്വാസവും ഒന്നാകുന്ന കൊട്ടിയൂർ പെരുമ നൃത്തവേദിയിൽ ചിലങ്കയണിയുന്നു. നാട്യകലാനിധി കലാവതി ടീച്ചറാണ് കൊട്ടിയൂർ മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മോഹിനിയാട്ട ആവിഷ്‌കാരം ഒരുക്കുന്നത്. കൊട്ടിയൂർ ശക്തിഗാഥ എന്ന് പേരിട്ട മോഹിനിയാട്ടം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 12 ന് വൈകീട്ട് 7.30 ന് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ അരങ്ങേറും. ബർണശേരി മുദ്രകലാക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് അരങ്ങിലെത്തിക്കുന്നത്. ​കൊട്ടിയൂർ പ്രദേശം ദക്ഷയാഗത്തിന് വേദിയായെന്ന ഐതിഹ്യകഥയെ സതി എന്ന സ്ത്രീ കഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണ് മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുന്നത്. സതിയുടെ പ്രണയത്തിന്റെയും ഭക്തിയുടെയും ത്യാഗത്തിന്റെയും കഥയായാണ് കൊട്ടിയൂർ ഐതിഹ്യം മോഹിനിയാട്ടമാക്കുന്നത്. ദക്ഷന്റെ കാളിന്ദി സ്നാനം മുതൽ സതിയുടെ ശിവഭക്തി, വിവാഹം, ദക്ഷയാഗം, ദക്ഷന്റെ അവഹേളനം, സതിയുടെ ആത്മത്യാഗം, യാഗവിഘ്നം തുടങ്ങി ശിവൻ പ്രത്യക്ഷപ്പെട്ട് ദക്ഷൻ അജമുഖ ദക്ഷൻ ആകുന്നതുവരെയുള്ള ഐതിഹ്യ കഥാസന്ദർഭങ്ങളിലൂടെയുള്ള യാത്രയാണ് നൃത്താവിഷ്ക്കാരം. ഒ എൻ വിയുടെ ഭൂമിക്ക് ഒരു ചരമഗീതം, അമ്മ, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ഗിരീഷ് കർണ്ണാടിന്റെ നാഗമണ്ഡല, കടാങ്കോട്ട് മാക്കം എന്നിങ്ങനെ സ്ത്രീ പ്രാധാന്യമുള്ള നിരവധി നൃത്താവിഷ്കാരങ്ങൾ കലാവതി അരങ്ങിലെത്തിച്ചിട്ടുണ്ട്. കലാമണ്ഡലം ഗണേശനാണ് കൊട്ടിയൂർ ശക്തിഗാഥ മോഹിനിയാട്ടത്തിന്റെ വരികൾ രചിച്ചത്. സംഗീതവും ആലാപനവും സ്വരാഗ് മാഹി. മുദ്രകലാക്ഷേത്രം വിദ്യാർഥികളായ വിഷ്ണുപ്രിയ അജയഘോഷ് , കെ വി വിസ്മയ ,ഉണ്ണിമായ പ്രകാശൻ, മയൂഖ ഷാജി, അയന അഖിലേഷ്, ശിവാനി ഗിരീഷ്, അശ്വിക ഷാരോൺ, ചന്ദ്രബാല സവിത്, എ വി പാർവതി, എം വി അനിന്ദിത പത്മബാല, ഗോപനന്ദ രാജേഷ്, സനിക കല്യാണി എന്നിവരാണ് നർത്തകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home