നീറ്റ് ക്രമക്കേടിനെതിരെയുള്ള സമരത്തിൽ പൊലീസ് വേട്ട: കാസർകോട് 22 വിദ്യാർഥികൾക്കെതിരെ കേസ്

എസ്എഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
കാസർകോട്: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽനടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരമേറ്റെടുത്തതിന് കാസർകോട് ജില്ലയിൽ 22 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. സംസ്ഥാനത്താകെ ഇത്തരത്തിൽ 5000 പേർക്കെതിരെയാണ് നടപടി. ജന്തർമന്തറിൽ മോദി സർക്കാർ പെല്ലറ്റുതോക്കുകൾ ഉൾപ്പെടെ ഉപയോഗിച്ച് വിദ്യാർഥി–യുവജന സമരത്തെ അടിച്ചമർത്തിയപ്പോൾ സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ചുള്ള വിദ്യാർഥി വേട്ടയാണ് നടത്തുന്നത് എന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അദിനാൻ പ്രതികരിച്ചു. കേരള പൊലീസിന്റെ സംഘപരിവാർ പ്രീണനത്തിന് ഉദാഹരണമാണ് ഇൗ വിദ്യാർഥിവേട്ടയെന്നും പറഞ്ഞു.
നീറ്റ് പരീക്ഷ റദാക്കിയതിൽ മനംനൊന്ത് പാലായിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ ഉദുമ പൂച്ചക്കാട് സ്വദേശി ഐജ മഹേഷ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജൂൺ 10നും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 23നുമായി രണ്ടു പ്രധാന സമരങ്ങളാണ് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കാസർകോട്, കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസുകളിലേക്കായിരുന്നു സമരം.
എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അദിനാൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം അനുരാജ്, കെ പി വൈഷ്‌ണവ്, ജില്ലാ വൈസ് പ്രസിഡന്റ് കവിത കൃഷ്‌ണൻ, ബാലസംഘം ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ മഞ്ജിഷ, ദിപിൻ രവീന്ദ്രൻ, പി എസ് അബ്‌ദുൾ ജാഷിദ്, കെ വി റോഷിൻ, അനന്തു ചായോത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ശ്രീഹരി, കെ ബി അഭിലാഷ്, എ കെ അഭിനന്ദ്, ടി ദയ തുടങ്ങിയവർക്കെതിരെയാണ് കേസ്.










0 comments