ad
Deshabhimani

ചൈനയുടെ 'കൃത്രിമ സൂര്യൻ' റെഡി; ഊര്‍ജ ഉത്പാദനത്തിൽ ഫ്യൂഷൻ പ്രതീക്ഷ

superconducting magnet
വെബ് ഡെസ്ക്

Published on Jul 28, 2026, 04:41 PM | 2 min read

ബീജിംഗ്: പരിസ്ഥിതി സൗഹൃദവും പരിധികൾ ഇല്ലാത്തതുമായ ഊർജ്ജ ഉത്പാദനമെന്ന ശാസ്ത്ര ലോകത്തിന്റെ സ്വപ്നങ്ങൾക്ക് പിൻബലമേകുന്ന നിർണായക ചുവടുവെപ്പുമായി ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകണ്ടക്റ്റിംഗ് ഫ്യൂഷൻ മാഗ്നറ്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂക്ലിയര്‍ ഫ്യൂഷൻ വഴി സൂര്യനിലേതിന് സമാനമായ ഊര്‍ജ നിര്‍മിതി എന്ന ലക്ഷ്യത്തിലേക്കാണ് വഴി തുറക്കുന്നത്.


2030-ഓടെ ഫ്യൂഷൻ ഊർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചൈനയുടെ സ്വപ്ന പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ് പിന്നിടുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് ഫ്യൂഷൻ മാഗാനറ്റിന് പിന്നിൽ. 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുള്ള 'D' ആകൃതിയിലുള്ള പടു കൂറ്റൻ കാന്തമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഫ്യൂഷൻ പദ്ധതിയായ 'ഐ ടി ഇ ആറിന്' വേണ്ടി വികസിപ്പിച്ച സമാന കാന്തങ്ങളേക്കാൾ 1.3 മടങ്ങ് വലിപ്പവും മൂന്ന് മടങ്ങ് കൂടുതൽ ഊർജ്ജ സംഭരണ ശേഷിയും ഇതിനുണ്ട്.


ഫ്യൂഷൻ റിയാക്ടര്‍ എന്ന കടമ്പ


സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന അതേ ഫ്യൂഷൻ പ്രക്രിയയാണ് ചൈനയുടെ സ്വപ്ന റിയാക്ടറുകളിലും ഉപയോഗിക്കുന്നത്.ഹൈഡ്രജൻ ആറ്റങ്ങളെ 100ദശലക്ഷം ഡിഗ്രി സെൽഷ്യസിലധികം താപനിലയിൽ സംയോജിപ്പിക്കും. ഇതുവഴി കാർബൺ പുറന്തള്ളലില്ലാതെ വൻതോതിൽ ഊർജ്ജം ഉൽസര്‍ജിപ്പിക്കും.


D-shaped superconducting magnet


ഇനിയും ദീര്‍ഘകാലം ലോകം കാത്തിരിക്കേണ്ടി വരില്ല എന്നാണ് പ്രഖ്യാപനം. നാലുവര്‍ഷത്തിനകം ലോകത്തിലെ ആദ്യത്തെ വാണിജ്യ ഫ്യൂഷൻ പവർ സ്റ്റേഷനായ 'ചൈന ഫ്യൂഷൻ എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേഷൻ റിയാക്ടർ' പൂര്‍ത്തിയാക്കും. നേരത്തെ ചൈനയുടെ 'ഈസ്റ്റ്' റിയാക്ടർ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 1,066 സെക്കൻഡ് പ്ലാസ്മ നിലനിർത്തി ലോക റെക്കോർഡ് ഇട്ടിരുന്നു. 2027-ഓടെ അടുത്ത ഘട്ട റിയാക്ടറിന്റെ നിർമ്മാണം പൂർത്തിയാക്കി മുന്നേറാനുള്ള പദ്ധതിയാണ്.


100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള സൂപ്പർഹീറ്റഡ് വാതകമായ 'പ്ലാസ്മ'യെ റിയാക്ടറിന്റെ ഭിത്തികളിൽ സ്പർശിക്കാതെ ശക്തമായ കാന്തികമണ്ഡലത്തിൽ നിർത്തി സംരക്ഷിക്കുക എന്നതാണ് പുതിയ മാഗ്നറ്റിന്റെ ധർമ്മം. ഇത്തരത്തിൽ നിലനിര്‍ത്തുക മാത്രമല്ല. സ്വച്ചിട്ട പോലെ ഇതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും കഴിയുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു.


ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയം എന്ന് വിളിക്കപ്പെടുന്നത് ഹെെ-ടെമ്പറേച്ചർ സൂപ്പർകണ്ടക്റ്റിംഗ് സെൻട്രൽ സൊളനോയ്ഡ് കോയിലാണ്. ഇതിൽ നിര്‍ണായകമായ ഘടകമാണിത്. വാഹനങ്ങളിലെ സ്പാർക്ക് പ്ലഗ് പോലെ ഫ്യൂഷൻ പ്രതിപ്രവർത്തനം തുടങ്ങാനും നിലനിർത്താനും ഇത് സഹായിക്കും.


മൈനസ് 269°C വരെയുള്ള താപനിലയിൽ 60 വർഷത്തോളം ഇത് തടസ്സമില്ലാതെ പ്രവർത്തിക്കും. മാത്രമല്ല ഇലക്ട്രിക്കൽ പ്രതിരോധം ഏകദേശം പൂജ്യമായി കുറച്ചുകൊണ്ട് 100,000 ആമ്പിയറിലധികം കറന്റ് ഊർജ്ജ നഷ്ടമില്ലാതെ കടത്തിവിടാൻ ഇതിന് സാധിക്കുമെന്നും പറയുന്നു.


തികച്ചും തദ്ദേശീയമായ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ അസംസ്‌കൃത വസ്തുക്കളും നിർമ്മാണ ശേഷിയും ഉപയോഗിച്ചാണ് ചൈന ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ 47 പേറ്റന്റുകളും 25 വ്യവസായ മാനദണ്ഡങ്ങളും പദ്ധതി സ്വന്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home