Deshabhimani

നാലിടത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി

മന്ത്രി ജെനീഷിനെതിരെ പ്രതിഷേധത്തീ

കാഞ്ഞങ്ങാട്ട്‌ മന്ത്രി ഒ ജെ ജെനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം

കാഞ്ഞങ്ങാട്ട്‌ മന്ത്രി ഒ ജെ ജെനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 02, 2026, 01:30 AM | 1 min read


കാസർകോട്‌

വിവിധ പരിപാടികൾക്കായി ജില്ലയിലെത്തിയ മന്ത്രി ഒ ജെ ജനീഷിനെതിരെ ജില്ലയിലും വ്യാപക പ്രതിഷേധം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ ഹോസ്‌റ്റലിൽ കയറി പൊലീസും യൂത്തുകോൺഗ്രസ്സുകാരും വിദ്യാർഥികൾക്കുനേരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചാണ്‌ വിവിധയിടങ്ങളിൽ മന്ത്രിയെ കരിങ്കൊടികാട്ടി പ്രതിഷേധിച്ചത്‌. മന്ത്രി ജനീഷിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ അതിക്രമം. നീലേശ്വരത്ത്‌ പുരാവസ്തു വകുപ്പിന്റെ പുരാതത്വ സർവേ ഉദ്ഘാടനമായിരുന്നു മന്ത്രിയുടെ ജില്ലയിലെ ആദ്യ പരിപാടി. നീലേശ്വരം കൊട്ടാരം സന്ദർശിക്കാൻ പോകവെ നീലേശ്വരം ബസാർ -തളിയിലമ്പലം റോഡ് ജങ്ഷനിൽ 30 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പാലസ് ഗ്രൗണ്ടിന് സമീപംവരെ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പൊലീസ്‌ ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. മന്ത്രിക്ക്‌ ഏറെനേരം വാഹനത്തിൽ നിന്നിറങ്ങാതെ ഇരിക്കേണ്ടി വന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ അഭിജിത്ത് മടിക്കൈ, സബിൻ സത്യൻ, ആദർശ്, റിജേഷ്, പ്രമോദ് എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ​കാഞ്ഞങ്ങാട്‌ മന്ത്രി സഞ്ചരിച്ച കാറിന്‌ മുന്നിൽ കരിങ്കൊടി വീശി കാറിനു മുന്നിൽ വാഴവച്ചു. സ്‌മൃതി മണ്ഡപം പരിസരത്താണ്‌ കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറി നിതിൻ കുശാൽനഗർ, സിദ്ധാർത്ഥ്‌ രവീന്ദ്രൻ, ജയനാരായണൻ, ആദർശ്‌ പുതിയവളപ്പ്‌ എന്നിവരുടെ നേതൃത്വത്തിൽ 15 ലേറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്‌. കാഞ്ഞങ്ങാട്‌ വ്യാപാര ഭവനിൽ യുവജന ക്ഷേമ ബോർഡിന്റെ ട്രക്കിങ്‌ പ്രോഗ്രാം ഫ്ലാഗ്‌ ഓഫിനാണ്‌ മന്ത്രി എത്തിയത്‌. ബന്തടുക്കയിൽ പരിപാടിക്കെത്തിയ മന്ത്രിയെ യാത്രാമധ്യേ കുറ്റിക്കോലിൽ 30 ഓളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. തൃക്കരിപ്പൂർ നടക്കാവിൽ പ്രതിഷേധിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്തുലീഗുകാർ അക്രമിച്ചു. പൊലീസ്‌ സഹായത്തോടെയാണ്‌ അക്രമം നടത്തിയത്‌. തുടർന്ന് മന്ത്രിയുടെ വാഹനം റോഡിൽ കുടുങ്ങി. പ്രതിഷേധത്തെ ഭയന്ന്‌ നിശ്ചയിച്ച റൂട്ടിൽനിന്ന്‌ മാറി പടന്ന -ഉദിനൂർ റോഡിലൂടെയാണ് മന്ത്രി വാഹനം നടക്കാവിൽ എത്തിയത്. ഡിവൈഎഫ്ഐക്കാർക്കെതിരെ ലീഗുകാർ അസഭ്യവർഷം നടത്തി. പ്രശ്‌നം ഉന്തും തള്ളലിൽ കലാശിച്ചു. പരിപാടി കഴിഞ്ഞ്‌ മന്ത്രി ഇറങ്ങിയതിന് ശേഷവും ലീഗുകാർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home