Deshabhimani

കടലാടിപ്പാറ കാത്തിരിക്കുന്നു ഇക്കോ ടൂറിസത്തിനായി

അസ്തമയ സമയത്ത് കടലാടിപ്പാറയിൽനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Nov 02, 2026, 03:00 AM | 1 min read

ബിരിക്കുളം കിനാനൂർ–കരിന്തളം പഞ്ചായത്തിലെ കൂടോൽ കടലാടിപ്പാറയിൽ ഇക്കോ ടൂറിസം എന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനുള്ള സാധ്യതയും ഏറെയാണ്. സായാഹ്‌നങ്ങളിൽ സൂര്യാസ്തമയം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാനായി ഇവിടെയെത്തുന്ന ആളുകൾ നിരവധിയാണ്. നിരവധിയായ അപൂർവയിനം പൂമ്പാറ്റകളുടേയും, ഓർക്കിഡുകളുടേയും, ഡ്രൊസേറ ഇൻഡിക്ക വിഭാഗത്തിൽ പെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ. സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച ഇവിടെനിന്നും ദൃശ്യമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് ആൾക്കാർ കൂടുതലായി എത്തുന്നത്. ഖനന ഭീഷണി ഒഴിഞ്ഞ കാലം മുതൽ തന്നെ കടലാടിപ്പാറയിൽ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ നിർമിച്ച് ഇവിടെയെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നിരുന്നു. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തീയറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം തുടങ്ങിയവ നിർമ്മിച്ച് ഇതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാൽ പഞ്ചായത്തിനും മുതൽക്കൂട്ടാകും. കോട്ടേജുകൾ, ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമിക്കാവുന്നവയാണ്. ജൈവ കലവറയാണ് കടലാടിപ്പാറ. ഭൂപ്രകൃതിയിൽ ഒരു മാറ്റവും വരുത്താതെ പ്രകൃതി സൗഹൃദമായ ടൂറിസം വില്ലേജാണ് ഇവിടെ വേണ്ടത്. ഇവിടെനിന്നു നോക്കിയാൽ കടൽ കാണാൻ കഴിയുന്നതുകൊണ്ടാണ് കടലാടിപ്പാറ എന്ന പേരു ലഭിച്ചത്. പട്ടാണിപാറ എന്നും ഇതിനു പേരുണ്ട്. ഈ പ്രദേശത്തെ പാറക്കെട്ടുകളും ഭൂമിയുടെ പ്രത്യേക ഘടനയും ചരിത്രപരമായ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വരും ദിവസങ്ങളിൽ പുരാവസ്തു ഗവേഷകർ ഇവിടം സന്ദർശിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home