കഥകളിയരങ്ങിൽ അപൂർവ സംഗമം

പെരിയ കാലകേയവധം ആട്ടക്കഥയിൽ, പിതാവായ ഇന്ദ്രനെകാണാൻ പുറപ്പെടുന്ന അർജുനൻ, അമ്മ കുന്തീദേവിയോട് കാര്യം വിശദീകരിക്കുന്നതാണ് കഥാസന്ദർഭം. അരങ്ങിലേക്ക് കയറുമ്പോൾ വൈഗാ രൂപേഷ് സ്പെയിനിലേക്ക് ജോലിതേടിപ്പോയ സ്വന്തം അഛനെയും ഓർത്തു. കിരീടമഴിയ്ക്കുമ്പോൾ മുന്നിലതാ അഛൻ! നാലുവർഷം കാണാതിരുന്ന സങ്കടവാത്സല്യങ്ങളോടെ പുത്രിയെ ചേർത്തണച്ചു. കണ്ണുനിറഞ്ഞ അമ്മയും അനിയത്തിയും അരികെ. അപൂർവ സംഗമത്തിനാണ് കഥകളിയരങ്ങ് സാക്ഷ്യംവഹിച്ചത്. മൂന്നുവർഷം കഥകളി സിംഗിൾ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ വൈഗ മത്സരിച്ചിട്ടുണ്ട്. ഒരുതവണപോലും അച്ഛൻ രൂപേഷിന് മകളുടെ കളിയരങ്ങിലെത്താനായില്ല. മടിയൻ കൂലോം സ്വദേശിയായ രൂപേഷ് നാലു വർഷംമുമ്പ് സ്പെയിനിലെ ഒരു ലിഫ്റ്റ് കമ്പനിയിൽ സൂപ്പർവൈസറായി ചേർന്നിരുന്നു. അമ്മ സുദിനയും അനിയത്തി വൈദേഹിയുമാണ് പിന്നെ എല്ലാ പിന്തുണയും നൽകിയത്. എട്ടാംതരംമുതൽ കഥകളി അഭ്യസിക്കുന്നുണ്ട് വൈഗ. കലാമണ്ഡലം അരവിന്ദാണ് ഗുരു. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറിയിലെ വിദ്യാർഥിയാണ്. അച്ഛൻ വിമാനമിറങ്ങി നേരെ കലോത്സവവേദിയിലെത്തുകയായിരുന്നു. ‘വിജയമിഹ കൈ തൊഴുന്നേൻ’ എന്ന കഥാസന്ദർഭം പൂർത്തിയാക്കിയപ്പോൾ കഥയിലെന്നപോലെ പിതൃസംഗമം സംഭവിച്ചതാണ് വൈഗയ്ക്ക് ഇൗ കലോത്സവത്തിൽ വലിയ സമ്മാനമായത്.









0 comments