Deshabhimani

അന്ത്യയാത്രയ്‌ക്ക്‌ തണലേകാൻ മഹിളകൾ ഇത് 
വനിതകളുടെ വേറിട്ട മാതൃക

മഹിളാ അസോസിയേഷൻ അണ്ടോൾ യൂണിറ്റ്‌ പ്രവർത്തകർ 
ചിരട്ട ശേഖരിക്കുന്നു
വെബ് ഡെസ്ക്

Published on Oct 08, 2026, 11:42 AM | 1 min read

കരിന്തളം മൃതദേഹ സംസ്കാരത്തിന് ആവശ്യമായ ചിരട്ട വീടുകളില്‍ നിന്ന് ശേഖരിച്ച് സൂക്ഷിക്കുകയും, ആവശ്യമായ ഘട്ടത്തില്‍ സൗജന്യമായി നല്‍കുകയുംചെയ്യുന്ന പ്രവര്‍ത്തനത്തിലാണ്‌ മഹിളാ അസോസിയേഷൻ കരിന്തളം അണ്ടോൾ യൂണിറ്റ്‌ പ്രവർത്തകർ. നാട്ടുകാര്‍ ഈ ആശയം പൂര്‍ണമനസ്സോടെ ഏറ്റെടുത്തതോടെ ചിരട്ട ശേഖരണം വലിയ വിജയമായി. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ചിരട്ടകള്‍ പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടില്‍ പ്രത്യേകം സൂക്ഷിക്കും. ആവശ്യമായ സമയത്ത് ഇവിടെനിന്ന് ചിരട്ട പൊതുശ്മശാനത്തില്‍ സംസ്കാരത്തിന് ഉപയോഗിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മൃതദേഹങ്ങളാണ്‌ കൂട്ടായ്മയിലൂടെ ചെലവില്ലാതെ സംസ്‌കരിച്ചത്‌. നിലവില്‍ ചിരട്ടയ്ക്ക് വിപണിയില്‍ നല്ല വില ലഭിക്കുന്നുണ്ട്. വീട്ടിലെത്തി ചിരട്ട ശേഖരിക്കുന്നവര്‍ ഒരു ചിരട്ടയ്ക്ക് ഒരു രൂപയിലധികം വരെ നല്‍കുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ ഈ വരുമാനം വേണ്ടെന്നുവച്ച് സംസ്കാരത്തിനായി ചിരട്ട സംഭാവന ചെയ്യുകയാണ് അണ്ടോളിലെ കുടുംബങ്ങള്‍. ഒരു മൃതദേഹം സംസ്കരിക്കാന്‍ ശരാശരി ഏഴ് ചാക്കോളം ചിരട്ട ആവശ്യമായി വരും. പുറത്തുനിന്ന് ചിരട്ട വാങ്ങിക്കൊണ്ടുവന്നാല്‍ 6000 മുതല്‍ 7000 രൂപവരെ ചെലവാകും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ ആശ്വാസമാകുന്നത്. പ്രദേശത്തെ റോഡരികിലെ കാടുവെട്ടി തെളിക്കുന്നതിലും ഇവര്‍ മുന്നിലുണ്ട്‌. ജനകീയ ഇടപെടലിന്റെ ഈ മാതൃകയ്ക്ക് യൂണിറ്റ് സെക്രട്ടറി പി ശാന്ത, പ്രസിഡന്റ്‌ വി വി രാധിക എന്നിവരാണ്‌ നേതൃത്വം. നാട്ടുകാരുടെ സഹകരണവും വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഈ സേവനപ്രവര്‍ത്തനത്തിന്റെ കരുത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home