Deshabhimani

അപൂർണതയുടെ നിരാശയില്ലിനി

സൃഷ്‌ടിയുടെ ആത്മസംതൃപ്‌തി മാത്രം

കാനായി കുഞ്ഞിരാമൻ ഭാര്യ നളിനിക്കൊപ്പം ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനത്തിന്‌ മുന്നിൽ നിർമിച്ച ശിൽപങ്ങൾക്കരികിൽ

കാനായി കുഞ്ഞിരാമൻ ഭാര്യ നളിനിക്കൊപ്പം ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനത്തിന്‌ മുന്നിൽ നിർമിച്ച ശിൽപങ്ങൾക്കരികിൽ

avatar
അതുൽ ബ്ലാത്തൂർ

Published on Nov 13, 2026, 02:00 AM | 1 min read

കാസർകോട്‌

'അപൂർണമായിരുന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയാകുമായിരുന്നു അത്‌. പൂർത്തിയാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്‌. സ്വന്തം നാട്ടിലെ സൃഷ്‌ടികൾ എന്ന പ്രത്യേകതകൂടിയുണ്ടല്ലോ...’ പറഞ്ഞറിയിക്കാനാവാത്ത ആത്മനിർവൃതിയായിരുന്നു വിഖ്യാത ശിൽപി കാനായിയുടെ വാക്കുകളിൽ. പ്രതിസന്ധികൾ പലതായ്‌ വന്നു, നീണ്ടവർഷങ്ങൾ കാത്തിരിപ്പുകളുടേതുമാത്രമായി. ഏറ്റെടുത്ത ദ‍ൗത്യം, സ്വപ്‌നം ഇന്നിതാ പൂർത്തിയാവുന്നു. ജില്ലയുടെ മുഖമുദ്രയാവാൻ ഉയർന്നുനിൽക്കുകയാണ്‌ ജില്ലാ പഞ്ചായത്ത്‌ വളപ്പിൽ കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപങ്ങൾ. മലമ്പുഴയിലെ ‘യക്ഷി’യും ശംഖുംമുഖത്തെ ‘മത്സ്യകന്യക’യും തിരുവനന്തപുരം നിയമസഭാ പാർക്കിലെ ‘ഇ എം എസും’ വേളിയിലെ ‘ശംഖും’ തോന്നയ്‌ക്കൽ ആശാൻ സ്‌മാരകത്തിലെ ശിൽപങ്ങളുംപോലെ കാസർകോട്ടെ ‘വിക്‌ടിം’ (ഇരകൾ), ‘ഫ്രീഡം’ (സ്വാതന്ത്ര്യം) ശിൽപ്പങ്ങളും ഇനി കാലത്തോടു സംവദിക്കും. 2006-ലാണ് ആശയം രൂപംകൊണ്ടത്. അന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം വി ബാലകൃഷ്ണനാണ്‌ ഇ‍ൗ ആവശ്യവുമായി സമീപിച്ചത്‌. തുടർന്നുവന്ന ഭരണ സമിതികളും പൂർണ പിന്തുണ നൽകി. കാസർകോടിന്റെ തീരാവേദനയായ എൻഡോസൾഫാൻ ദുരന്തവും കർഷക പ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള സമരപോരാട്ടങ്ങളാൽ സ്വാതന്ത്ര്യസമരഗാഥയെഴുതിയ വീരചരിത്രവും പ്രമേയങ്ങളാവുകയായിരുന്നു. 40 അടി ഉയരത്തിലാണ്‌ ‘വിക്‌ടിം' ശിൽപം. ഇത്‌ ഏറ്റവും ഉയരം കൂടിയ കാനായി ശിൽപമാണെന്നാണ്‌ വിലയിരുത്തൽ. -അമൂർത്ത ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. വലുപ്പമേറിയ തലയും കൈകളുമുള്ള കുട്ടി അമ്മയെ മുറുകെപ്പിടിച്ചുനിൽക്കുന്നതാണ് രൂപം. കല കൂടുതൽ ജനകീയമാവണം, കാലത്തോടും സമൂഹത്തോടും സംവദിക്കണം. അതിനുവേണ്ടിമാത്രമാണ്‌ ഇത്രയും കാലം പ്രവർത്തിച്ചതെന്നും കലാപഠനത്തെ നാം വേണ്ടവിധം പ്രാധാന്യത്തിൽ കാണുന്നില്ലെന്നും കാനായി പറഞ്ഞു. ഭാവിയിലെങ്കിലും സ്വന്തം നാട്ടിൽ ഒരു ഫൈൻ ആർട്‌സ്‌ കോളേജ്‌ ഉയർന്നുവരണമെന്നത്‌ വലിയ ആഗ്രഹമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്തായാണ്‌ ‘ഫ്രീഡം’ ശിൽപം. കൈകൾ ഉയർത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടത്തെയും മുന്നിൽ തല കൈകളിൽവച്ച് കുനിഞ്ഞിരിക്കുന്ന ഒരാളെയും കാണാം. ശിൽപങ്ങൾ വെള്ളി രാവിലെ 9.30ന്‌ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അനാഛാദനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home