ചീമേനിയിൽനിന്ന് ഇംഗ്ലീഷ് സിനിമയിലേക്ക്

ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ഇംഗ്ലീഷ് സിനിമാ സെറ്റിൽ മെയ്ക്കപ്പ് ചെയ്യുന്ന രജീഷ് ആർ പൊതാവൂർ
പി വിജിൻദാസ്
Published on Oct 22, 2026, 02:00 AM | 1 min read
ചെറുവത്തൂർ
സ്വയം തെരഞ്ഞെടുത്ത വഴിയിലൂടെയായിരുന്നു രജീഷിന്റെ യാത്ര. സിനിമാ മേഖലയിലെ പ്രതിസന്ധികളെ തരണംചെയ്ത് നടത്തിയ ആ യാത്ര വൃഥാവിലായില്ല. ഒടുവിൽ ചീമേനി പൊതാവൂരിലെ യുവ കലാകാരൻ ഇംഗ്ലീഷ് സിനിമയിലും തന്റെ കൈയൊപ്പ് ചാർത്തുകയാണ്. ചീമേനി പൊതാവൂരിലെ രജീഷ് ആർ പൊതാവൂർ എന്ന മെയ്ക്കപ്പ്മാനാണ് ഭാഷകളുടെ അതിര് ദേദിച്ച് ഇംഗ്ലീഷ് സിനിമക്കായി ചമയം ഒരുക്കുന്നത്. 15ാം വയസിലാണ് മേക്കപ്പ് മേഖലയിലേക്ക് ചുവടുവെച്ചത്. മികച്ച മേക്കപ്പ്മാൻമാരുടെ ശിഷ്യനായി സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ പ്രമുഖ താരങ്ങൾക്ക് ഉൾപെടെ മേക്കപ്പ്ചെയ്ത് സ്വതന്ത്ര മേക്കപ്പ്മാനായി. ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുശേഷം അന്താരാഷ്ട്ര സിനിമാ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണിപ്പോൾ. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ഡോ. ബിജു സംവിധാനംചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ‘മൊസ്സാവു ദി ഫസ്റ്റ് സോങ്’ എന്ന സിനിമയിൽ ചീഫ് മേക്കപ്പ് മാൻ ആയാണ് രജീഷ് പ്രവർത്തിക്കുന്നത്. പപ്പുവ ന്യൂ ഗിനിയയുടെ ചരിത്രവും തദ്ദേശീയ ജനതയുടെ ജീവിതവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിലാണ് രജീഷ് ചീഫ് മേക്കപ്പ് മാനാകുന്നത്. ചിത്രീകരണം ഓസ്ട്രേലിയയിൽ പുരോഗമിക്കുകയാണ്. വർഷങ്ങളായി മനസിൽ സൂക്ഷിച്ച സ്വപ്നങ്ങൾക്കും ആത്മാർഥമായ അധ്വാനത്തിനും ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് രജീഷ് പറഞ്ഞു. നാല് ഭാഷകൾ ഉപയോഗിക്കുന്ന ചിത്രത്തിൽ പപ്പുവ ന്യൂ ഗിനിയയിൽനിന്നുള്ള നൂറ്റമ്പതോളം സാങ്കേതിക പ്രവർത്തകരും ഇന്ത്യയിൽനിന്നുള്ള ഇരുപത് ടെക്നീഷ്യന്മാരും മുന്നൂറിലധികം അഭിനേതാക്കളും അണിനിരക്കുന്നു.









0 comments