രാസലഹരിക്കടത്ത് നൈജീരിയൻ സ്വദേശികളടക്കം 5 പേർക്ക് 15 വർഷം കഠിന തടവും പിഴയും

കാസർകോട് 150 ഗ്രാം മെത്താംഫെറ്റാമിൻ കടത്തിയ കേസിൽ അന്താരാഷ്ട്ര മയക്കുമരുന്ന് നിർമാണ–വിതരണ സംഘത്തിൽപ്പെട്ട രണ്ട് നൈജീരിയൻ സ്വദേശികളടക്കം അഞ്ചു പേർക്ക് 15 വർഷം കഠിന തടവ്. ഒന്നും രണ്ടും പ്രതികളായ കാസർകോട് ചട്ടഞ്ചാൽ തൈര സ്വദേശികൾ അബൂബക്കർ(38), ഭാര്യ അമീന അശ്ര(35), മൂന്നാം പ്രതി ബംഗളൂരു സ്വദേശി വസീം അക്രം(35), അഞ്ചും ആറും പ്രതികളായ നൈജീരിയൻ സ്വദേശികൾ ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിങ് ജോയ്(25), ഉക്ക മോസസ് (41) എന്നിവരെയാണ് കാസർകോട് അഡിഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് ടി എച്ച് രജിത കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഒന്ന്, രണ്ട്, അഞ്ച്, ആറ് പ്രതികൾക്ക് 15 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. നാലാം പ്രതി സൂരജിനെ വെറുതെവിട്ടു. മൂന്നാം പ്രതിക്ക് രണ്ടുവകുപ്പുകളിലായി 15 വീതം ആകെ 30 വർഷമാണ് ശിക്ഷ. ഇത് ഒരുമിച്ച് 15 വർഷമായി അനുഭവിക്കണം. 4 ലക്ഷം രൂപയാണ് പിഴ. 2023 ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് വിൽപനയ്ക്കെത്തിക്കവെ ഉദുമ പള്ളത്ത് ബേക്കൽ പൊലീസ് ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെ അറസ്റ്റുചെയ്തു. ഒന്നാം പ്രതിയായ അബൂബക്കറിന്റെ അടിവസ്ത്രത്തിൽനിന്നും കാറിന്റെ ഡാഷ് ബോർഡിൽനിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് അന്വേഷണം അഞ്ചും ആറും പ്രതികളിലേക്കെത്തിയത്. പിന്നീട് ഇവരെ ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തു. നൈജീരിയൻ സ്വദേശികൾ 2023 മുതൽ ജയിലാണ്. ഇവർക്ക് ഇന്ത്യയിൽ താമസിക്കാൻ വിസയോ ട്രാവൽ ഡോക്യുമെന്റോ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ വിസയിൽവന്ന് വിസ കാലാവധിക്കുശേഷവും ബാംഗ്ലൂരിൽ താമസിച്ചു മയക്കുമരുന്ന് നിർമാണവും വിതരണവും നടത്തിവരുകയായിരുന്നു. വാട്സാപ്പ് ചാറ്റ് വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. ലൊക്കേഷൻ അയച്ചുകൊടുത്തായിരുന്നു കച്ചവടം. ബേക്കൽ എസ്ഐയായിരുന്ന പി കെ പ്രദീപ് ആണ് കേസെടുത്ത് ഒന്നുമുതൽ നാലുവരെ പ്രതികളെ അറസ്റ്റുചെയ്തത്. ഡിവൈഎസ്പിയായിരുന്ന സി കെ സുനിൽകുമാർ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ചു. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 149 രേഖകളും എട്ടോളം തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന യു വിപിൻ ആണ്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ലോഹിതാക്ഷൻ ഇടയില്ലം, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. കോടതിയിൽ ഹാജരാകാതിരുന്ന 1,2 പ്രതികൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.









0 comments