അരങ്ങിനെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ

നീലേശ്വരം പ്രതിഭകൊണ്ട് അരങ്ങിൽ വിസ്‌മയം തീർത്ത അതുല്യ നാടക പ്രവർത്തകനാണ് വി ശശി നീലേശ്വരം. നാടകത്തോട് അത്രമേൽ അലിഞ്ഞുചേർന്ന ജീവിതം. അഞ്ച് പതിറ്റാണ്ടിലേറെ ലാഭേച്ഛയൊന്നുമില്ലാതെ അരങ്ങിനൊപ്പം അദ്ദേഹം സഞ്ചരിച്ചു. അവസാനകാലം വരെയും നാടകരംഗത്ത് സജീവമായിരുന്നു. കണ്ണൂർ കക്കാട് സ്വദേശിയായ വി ശശി പടന്ന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായാണ് കാസർകോട് ജില്ലയിലെത്തുന്നത്. 1973ൽ ഉദിനൂർ കിനാത്തിലെ വാടക വീട്ടിൽനിന്നാണ് നാടകത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്. വാസു ചോറോട് രചിച്ച് ഉദിനൂർ ജ്വാല തിയറ്റേഴ്സ് അവതരിപ്പിച്ച ‘മെഫിസ്റ്റോഫിലീസ്’ എന്ന നാടകത്തിൽ നടനായി വേദിയിൽ തിളങ്ങി. അഭിനയിച്ച ആദ്യനാടകത്തിനുതന്നെ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പിന്നീട് നിരവധി നാടകങ്ങിൽ തന്റെ അഭിനയ മികവ് പ്രകടമാക്കി. അഭിനയത്തിൽനിന്നും സംവിധാന രംഗത്തെത്താൻ ഏറെ വൈകിയില്ല. 1980 കളിൽ നീലേശ്വരം രാജാസ് സ്കൂളിനുവേണ്ടി രാജ്മോഹൻ നീലേശ്വരം എഴുതിയ ‘ഏകലവ്യൻ’ എന്ന നാടകത്തിലൂടെ സംവിധാന രംഗത്തേക്കുള്ള കാൽവയ്‌പ്. ആ നാടകത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചു. പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കി തന്റെ മാസ്മരികത അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടു. രാജ്‌മോഹന്റെ മിക്ക നാടകങ്ങളും സംവിധാനം ചെയ്‌തത് വി ശശിയാണ്. കാസർകോടിന്റെ തനത് സാംസ്കാരിക പരിസരത്താണ് അദ്ദേഹത്തിന്റെ നാടകപ്രവർത്തനം. പ്രാദേശിക നാടക കൂട്ടായ്മ ഉണ്ടാക്കുന്നതിലും പുതുതലമുറയിലെ നാടക പ്രവർത്തകർക്കായി നാടക ശിൽപശാല സംഘടിപ്പിക്കുന്നതിലും സജീവ പങ്കുവഹിച്ചു. 2023 കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും അതേ വർഷം എ ശാന്തകുമാർ നാടക പുരസ്‌കാരവും നേടി. ആക്ട് നീലേശ്വരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനും അർഹനായി. നാടക സങ്കൽപ്പങ്ങളും സങ്കേതങ്ങളും മാറ്റത്തിന് വിധേയമാവുന്പോൾ അതിനോടൊപ്പം സഞ്ചരിക്കാൻ തന്റേതായ പുത്തൻ പരീക്ഷണങ്ങളിലൂടെ വി ശശിക്ക് സാധിച്ചു. മരമീടൻ, മാറ്റിവച്ച തലകൾ അഥവ ഒരു ഇന്ത്യൻ യക്ഷിക്കഥ, മാനസാന്തരത്തിന്റെ ബാക്കിപത്രം, ആശാസദനത്തിലെ അന്തേവാസികൾ, സർപ്പ, പാക്കനാർ സൂക്തം, കൂകിപ്പായും തീവണ്ടി, ബൊളിവിയ, സക്കറാം ബൈന്റർ, നചികേതസ്, മരങ്ങൾ, വെള്ളപ്പൊക്കം, ശേഷം, ശ്വാസം, വാണിഭം, പെൺവിളക്ക് ഹൃദയത്തിലേക്കൊരു ചക്രം, കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ അവതരിപ്പിച്ച ജനശ്രദ്ധ നേടിയ തീമാടൻ തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനംചെയ്‌തു. ‘ഞാവൽ ചാരുകസേരയോട്’ എന്ന നാടകമാണ് അവസാനം സംവിധാനംചെയ്തത്. ഹൊസ്‌ദുർഗ് താലൂക്ക് ഓഫീസിൽനിന്ന് ഡെപ്യൂട്ടി തഹസിൽദാറായാണ് സർവീസിൽനിന്ന് വിരമിച്ചത്. പടിഞ്ഞാറ്റംകൊഴുവലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, ഏരിയാ സെക്രട്ടറി എം രാജൻ, ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ, ഇ പി രാജഗോപാലൻ, രാജ്മോഹൻ നീലേശ്വരം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. വി ശശിയുടെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖൻ, ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ എന്നിവർ അനുശോചിച്ചു.









0 comments