അങ്കണവാടി കലോത്സവം രാഷ്ട്രീയവൽക്കരിച്ച് ബിജെപി

അങ്കണവാടി കലോത്സവത്തെ ബിജെപി രാഷ്ട്രീയ പരിപാടിയാക്കുന്നതിൽ പ്രതിഷേധിക്കുന്ന എൽഡിഎഫ് അംഗങ്ങൾ
വിളപ്പിൽ
വിളപ്പിൽ പഞ്ചായത്തിലെ അങ്കണവാടികളിലെ കലോത്സവ നടത്തിപ്പിനെ രാഷ്ട്രീയവൽക്കരിച്ച് ബിജെപി ഭരണസമിതി. കലോത്സവത്തിന്റെ ഭാഗമായി ആർഎസ്എസ് നേതാക്കളെ പങ്കെടുപ്പിക്കാനും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ 25–-ാം വാർഷിക സന്ദേശം പ്രചരിപ്പിക്കാനും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ശ്രമിച്ചെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. തുടർന്ന് അങ്കണവാടി ജീവനക്കാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യാതെയാണ് ബിജെപി അംഗങ്ങൾ ഭരിക്കുന്ന 11 വാർഡുകളിലെ അങ്കണവാടികളിൽ കലോത്സവം സംഘടിപ്പിച്ചത്. ഇത് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയായി മാറ്റിയെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് അങ്കണവാടി ജീവനക്കാരെയും പഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി ആലോചനാ യോഗം ചേർന്നത്. കലോത്സവത്തിൽ ആർഎസ്എസ് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് സ്ഥാപിച്ച് എല്ലാ വാർഡുകളിലും പരിപാടി നടത്തണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് വിജയകുമാറും ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു. തുടർന്ന് എൽഡിഎഫ് അംഗങ്ങളായ ആർ ബി ബിജുദാസ്, ടി എൻ ദീപേഷ്, ആർ എസ് രതീഷ്, എം അജി, രമ, ശ്രീദേവി, ലേഖ എന്നിവർ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. കരുവിലാഞ്ചി വാർഡിലെ അങ്കണവാടി നിർമാണം പാതിവഴിയിൽ നിലച്ചിരിക്കെ അങ്കണവാടി കുട്ടികളെ രാഷ്ട്രീയം പഠിപ്പിക്കാനാണ് ബിജെപി ഭരണസമിതി ശ്രമിക്കുന്നതെന്ന് സിപിഐ എം പേയാട് ലോക്കൽ സെക്രട്ടറി ആർ ബി ബിജുദാസ് പറഞ്ഞു.






0 comments